ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് : അമിത്ഷായ്ക്ക് സി ബി ഐയുടെ ക്ലീന്‍ ചിറ്റ്

single-img
7 May 2014

ന്യൂഡൽഹി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോഡിയുടെ വലംകൈയുമായ അമിത് ഷായ്ക്ക് സി.ബി.ഐയുടെ ക്ളീൻ ചിറ്റ്. 2004 ല്‍ നടന്ന സംഭവത്തില്‍ അമിത്‌ഷായ്‌ക്കെതിരേ കേസെടുക്കുന്നതിന്‌ ആവശ്യമായ തെളിവില്ലെന്ന്‌ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2004ൽ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഇസ്രത്ത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയും അടക്കം നാലു പേര്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ  കൊലപ്പെടുത്താന്‍ വന്നവരെന്ന് ആരോപിച്ചായിരുന്നു ഏറ്റുമുട്ടല്‍. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 

കൊല്ലപ്പെട്ട നാലു പേരില്‍ ഉള്‍പ്പെട്ടിരുന്നു മലയാളി പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സിബിഐ അന്വേഷണം. കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു പ്രതികൾ.

സിബിഐയെ ഉപയോഗിച്ച്‌ മോദിയെയും അമിതിഷായേയും ഒതുക്കാമെന്ന തന്ത്രം ഫലിച്ചില്ലെന്ന്‌ ബിജെപി അറിയിച്ചു. ഷാ ഇപ്പോള്‍ നരേന്ദ്രമോഡിക്ക്‌ വേണ്ടി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. ഇന്റലിജന്റ്‌ ബ്യൂറോയുമായി ബന്ധപ്പെട്ട നാല്‌ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പോലീസുകാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.