മോഡി പ്രധാനമന്ത്രിയാകുമെന്ന കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡറുടെ പ്രസ്താവന വിവാദമാകുന്നു

single-img
7 May 2014

കുവൈത്ത്‌സിറ്റി: നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനിന്റെ പ്രസ്താവന വിവാദമാകുന്നു.മറ്റു രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ച യോഗത്തിലാണ്‌ അദ്ദേഹം അഭിപ്രായം ഉന്നയിച്ചത്‌. യോഗത്തിനുശേഷവും മോഡിയ്‌ക്കുള്ള പിന്തുണ ആവര്‍ത്തിച്ച അദ്ദേഹത്തിന്റെ നടപടി വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കി. സാല്‍മിയായില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അങ്കണത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കവേയാണ്‌ ജയില്‍ വിവാദ പരാര്‍മര്‍ശം നടത്തിയത്‌.

ശ്രീലങ്ക, നേപ്പാള്‍ , മ്യാന്മര്‍ എന്നീ രാജ്യങ്ങളിലെ സ്‌ഥാനപതിമാരും കുവൈത്തിലെ പ്രമുഖ സ്വദേശി പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തയോഗത്തിലായിരുന്നു ജയിന്റെ പ്ര്‌സതാവന. മുമ്പും സ്വകാര്യ സംഭാഷണങ്ങളില്‍ പലരുമായും അദ്ദേഹം ഇതേ അഭിപ്രായം പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌. 

ജനങ്ങള്‍ മോഡി സര്‍ക്കാരിനെയാണ്‌ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ര്‌ടീയ പ്രസംഗത്തിന്റെ കാതല്‍ . പ്രസംഗത്തിനുശേഷം മോഡി സര്‍ക്കാര്‍ വരുമെന്ന്‌ അഭിപ്രായം പറഞ്ഞത്‌ ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അതേയെന്നായിരുന്നു മറുപടി. അഭിപ്രായ സര്‍വേകള്‍ അങ്ങനെയാണ്‌ സൂചിപ്പിക്കുന്നത്‌. ജനങ്ങള്‍ അത്‌ ആഗ്രഹിക്കുന്നുണ്ടെന്നും തന്റെ വാക്കുകള്‍ കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ സര്‍വേകള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വിലക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി പിന്നീടാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

അംബാസഡറുടെ നടപടിയെ വിവിധ സംഘടനകള്‍ അപലപിച്ചു. സ്‌ഥലത്തുണ്ടായിരുന്ന ഒ.ഐ.സി.സി നേതാവ്‌ വര്‍ഗീസ്‌ പുതുക്കുളങ്ങര, കല പ്രസിഡന്റ്‌ ജെ.സജി തുടങ്ങിയവര്‍ പ്രതിഷേധം അറിയിച്ചു.