നൈജിരിയയില്‍ ഇസ്ലാമിക തീവ്രവാദ സംഘടനായായ ബൊക്കോ ഹറാം ബന്ദികളാക്കിയ 223 പെൺകുട്ടികളെ മോചിപ്പിക്കാന്‍ അമേരിക്ക രംഗത്ത്‌

single-img
7 May 2014

അബൂജ: നൈജിരിയയില്‍ ഇസ്ലാമിക തീവ്രവാദ സംഘടനായായ ബൊക്കോ ഹറാം കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 223 പെൺകുട്ടികളെ മോചിപ്പിക്കാന്‍ അമേരിക്കന്‍ വിദഗ്ധ സംഘവും എത്തുന്നു.സൈന്യം, പോലീസ് തുടങ്ങിയ ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയതാണ് സംഘമെന്ന് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. 

നൈജീരിയയിൽ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയ പെൺകുട്ടികളെ ചന്തയിൽ വിൽക്കുമെന്ന് ബൊക്കോ ഹറാം തീവ്രവാദി ഗ്രൂപ്പിന്റെ ഭീഷണി വീഡിയോ പുറത്തിറങ്ങിയിരുന്നു.57 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും വിലക്കുന്നുണ്ട്.ബന്ദികളാക്കിയ പെൺകുട്ടികളെ ശൈശവ വധുക്കളായി വില്ക്കുമെന്ന് ബൊക്കോ ഹറാം നേതാവ് അബുബക്കർ ഷെയ്ഖ്  വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. പന്ത്രണ്ടിനും പതിനഞ്ചിനും മധ്യേപ്രായമുള്ളവരാണ് ബന്ദിയാക്കപ്പെട്ടവര്‍. 

‘ഞാൻ വീണ്ടും പറയുന്നു…പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കണം. പെൺകുട്ടികളെ,​ നിങ്ങൾ പോയി വിവാഹിതരാകൂ. ഒന്പതുകാരിയായാലും പന്ത്രണ്ടുകാരിയായാലും ഞാൻ വിവാഹം ചെയ്യിക്കും. അള്ളാഹുവിനു വേണ്ടി ഞാൻ അവരെ ചന്തയിൽ വിൽക്കും’- വീഡിയോയിൽ ബോക്കോ നേതാവ് പറയുന്നു.

മൂന്ന് ആഴ്ച മുന്പാണ് ഇവരെ ചിബോക്കിലെ ഹോസ്റ്റലിൽ നിന്നും അർദ്ധരാത്രിയിൽ ഭീകരർ തട്ടിക്കൊണ്ടു പോയത്. ബന്ദകളാക്കപ്പെട്ടവരിൽ 276 പെൺകുട്ടികളുണ്ടായിരുന്നു. 50 വിദ്യാർത്ഥിനികൾ പിന്നീട് ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു.നൈജീരിയയുടെ തെക്കു കിഴക്കൻ പ്രദേശം സ്വാതന്ത്ര ഇസ്ളാമിക രാജ്യമാക്കി മാറ്റാൻ പോരാടുന്ന തീവ്രവാദി സംഘടനയാണ് ബൊക്കോഹറം. പാശ്ചാത്യ വിദ്യാഭ്യാസം പാപമാണ് എന്നാണ് ബോക്കോ ഹറാം എന്ന വാക്കിന്റെ അർത്ഥം. അഫ്ഗാൻ താലിബാൻ മാതൃകയിൽ രൂപീകരിച്ച ഈ സംഘടനയ്ക്ക് അൽക്വയിദയുമായും ചങ്ങാത്തമുണ്ട്.

പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിട്ട് 20 ദിവസം കഴിഞ്ഞിട്ടും നൈജീരിയൻ ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍.നൈജീരിയന്‍ സര്‍ക്കാരിനെ ഒബാമ നേരിട്ട് നിലപാട് അറിയിക്കുകയായിരുന്നു.ബൊക്കോ ഹറാമിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നു ഒബാമ പറഞ്ഞു .സംഭവം ബൊകോ ഹറാം തീവ്രവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ ഉണര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.