ഷര്‍ട്ട് ധരിക്കാതെ ക്ഷേത്രങ്ങളില്‍ കയറുന്നതാണ് ദുരാചാരമെന്ന് വെള്ളാപ്പള്ളി

single-img
6 May 2014

vellappallyഭക്തര്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രങ്ങളില്‍ കയറുന്നതല്ല, മറിച്ച് ഷര്‍ട്ട് ധരിക്കാതെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതാണ് ദുരാചാരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചു കയറാമെങ്കില്‍ ഗുരുവായൂരില്‍ ഷര്‍ട്ട് ധരിക്കരുതെന്നു പറയുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തെക്കേ ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളായ പളനിയിലും തിരുപ്പതിയിലും ഭക്തര്‍ക്ക് ഷര്‍ട്ട് ധരിച്ചു കയറാനുള്ള അനുവാദമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ രീതിയെപ്പറ്റി സംസാരിക്കേണ്ടത് തന്ത്രികളാണ്. തനിക്ക് അതിനുള്ള യോഗ്യതയില്ല. തന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു വ്യക്തമാക്കിയതുപോലെ അപ്രായോഗിതയുടെയും അനാചാരത്തിന്റെയും അസ്ഥിമാടങ്ങള്‍ ഉപേഷിക്കേണ്ടിയിരിക്കുന്നു. കാലം മാറ്റത്തിന്റെ കാറ്റ് ഉള്‍കൊള്ളണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എംജി യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച ശ്രീനാരായണ ഗുരു ചെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.