ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി : ന്യൂനപക്ഷ സ്‌ഥാപനങ്ങളില്‍ പിന്നാക്ക സംവരണവും വേണ്ട

single-img
6 May 2014

ന്യൂഡല്‍ഹി:ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്ന്‌ ന്യൂനപക്ഷ സ്‌ഥാപനങ്ങളെ ഒഴിവാക്കിയതായി സുപ്രീം കോടതി ഉത്തരവ്.പിന്നാക്ക വിഭാഗങ്ങത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കേണ്ട 25 ശതമാനം സംവരണം ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ബാധകമല്ലെന്നും പ്രസ്തുത വിധിയില്‍ പറയുന്നു.ചീഫ് ജസ്റ്റീസ് ആർ.എം.ലോധ അദ്ധ്യക്ഷനായ സുപ്രീംകോടതിയുടെ പതിനൊന്നംഗ ഭരണഘടനാ ബെ‌ഞ്ചിന്റെതാണ് ഈ സുപ്രധാന നിരീക്ഷണം. 

വിദ്യാഭ്യാസ അവകാശ നിയമം എല്ലാ സ്‌ഥാപനങ്ങള്‍ക്കും ബാധകമാണെന്ന 2012-ലെ വിധി തിരുത്തിക്കൊണ്ടാണ്‌ സുപ്രീം കോടതിയുടെ പുതിയ വിധി. ചീഫ്‌ ജസ്‌റ്റീസ്‌ ആര്‍ എം ലോധയും ജസ്‌റ്റീസ്‌ ഏ കെ പട്‌നായികും അംഗങ്ങളായ ഭരണഘടനാ ബെഞ്ചാണ്‌ വിധി പുറപ്പെടുവിച്ചിരിക്കുന്നത്‌. സർക്കാർ‌ സഹായം ലഭിക്കുന്ന എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലാത്തത്. അതേസമയം മറ്റു സ്വകാര്യ സ്കൂളുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. ഭരണഘടനയുടെ 21എ വകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാനത്തിലാണ് 2009ല്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. ന്യൂനപക്ഷ സ്ഥാപനങ്ങളിൽ 25 ശതമാനം പിന്നാക്ക സംവരണം ഏർപ്പെടുത്തണമെന്ന വ്യവസ്ഥയും ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും ആരോപിച്ച്‌ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി. ഇരുപതിലേറെ ഹര്‍ജികളാണ്‌ ഇക്കാര്യം സംബന്ധിച്ച്‌ സുപ്രീം കോടതിയില്‍ എത്തിയിരുന്നത്‌. 

പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളില്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്‌. ഏത്‌ ഭാഷ പഠിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവുമാണെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി വിധിയെ എം ഇ എസും കെ സി ബി സിയും സ്വാഗതം ചെയ്തു.