ഗുഡ് ബൈ സ്റ്റാലിന്‍ : സ്റ്റാലിന്റെ പ്രതിമകളടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രതീകങ്ങളെ ജോര്‍ജ്ജിയ നിരോധിക്കുന്നു

single-img
6 May 2014

തിബിലിസ്: കമ്യൂണിസ്റ്റ് പ്രതീകങ്ങള്‍ ജോര്‍ജിയ നിരോധിക്കുന്നു. ഇതിന്റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ നേതാവും ജോര്‍ജിയക്കാരനുമായിരുന്ന സ്റ്റാലിന്റെ പ്രതിമകളടക്കമുള്ളവ നീക്കം ചെയ്യും. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയ 70 വര്‍ഷത്തോളം സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നു.

കമ്യൂണിസ്റ്റ് താത്വികന്‍മാരുടെ പ്രതിമകളടക്കം കമ്യൂണിസ്റ്റ് പ്രതീകങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരുകയാണ് ജോര്‍ജിയന്‍ സര്‍ക്കാര്‍. ഇതിനായി പുതിയ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്തുള്ള എല്ലാ കമ്യൂണിസ്റ്റ് പ്രതീകങ്ങളും ഇതോടെ നീക്കം ചെയ്യുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നവംബറിലാണ് കമ്മ്യൂണിസ്റ്റ് പ്രതീകങ്ങള്‍ നീക്കം ചെയ്യണം എന്നാ ആവശ്യം ആദ്യം ജോര്‍ജ്ജിയന്‍ പാര്‍ലമെന്റില്‍ ഉയരുന്നത്.തമര്‍ കോര്‍ദുസായിയ ലീവാന്‍ ബേര്‍ദസെനിഷ്വിലിഎന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും 600 ഡോളര്‍ (ഏകദേശം 4000 രൂപാ ) പിഴയീടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മനാടാണ് ജോര്‍ജിയ. 1921 മുതല്‍ 1991ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് വരെ ജോര്‍ജിയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ മൂന്നര ലക്ഷത്തോളം ജോര്‍ജിയക്കാരാണ് കൊല്ലപ്പെട്ടത്.