മുംബൈയില്‍ ജ്വല്ലറി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയ ശേഷം പല കഷണങ്ങളായി വെട്ടിനുറുക്കി

single-img
28 April 2014

കല്യാണ്‍: മുംബൈയില്‍ ജ്വല്ലറി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയ ശേഷം പല കഷണങ്ങളായി വെട്ടിനുറുക്കി മാര്‍ക്കറ്റിന് സമീപം പലയിടങ്ങളിലായി നിക്ഷേപിച്ചു.ബിവണ്ഡിയിലെ ആള്‍ സെയിന്റ്സ് ഹൈ സ്കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയായ രോഹന്‍ ഗുചെയ്റ്റിന്റെ മൃതദേഹമാണ് അറക്ക വാള്‍ കൊണ്ട് കഷണങ്ങളാക്കിയ നിലയില്‍ പലയിടങ്ങളിലായി കണ്ടെത്തിയത്. 

കല്യാണിലെ സ്വര്‍ണ്ണ വ്യാപാരി ഉത്തമിന്റെ മകനാണ് കൊല്ലപ്പെട്ട  രോഹന്‍ ഗുചെയ്റ്റ് . ഉത്തമിന്റെ കടയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇസ്തിയാഖ് സയ്യിദ് ശൈഖ് എന്ന ഇലക്ട്രീഷ്യനും കൂട്ടാളികളുമാണ് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.ഇവരെ പോലീസ് പിടികൂടി.

50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുടുംബം പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് കുട്ടിയെ കൊല ചെയ്തത്. 
കുട്ടിയെ സ്കൂളില്‍നിന്ന് ഇലക്ട്രീഷ്യന്‍ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. കടയിലേക്ക് എന്നു പറഞ്ഞു കൂട്ടിയ ബാലനെ കൂട്ടാളികള്‍ക്ക് തട്ടിക്കൊണ്ടുപോകാന്‍ പറ്റിയ സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് കുട്ടിയുമായി കടന്ന സംഘം വീട്ടുകാരെ വിളിച്ച് അര കോടി രൂപ ആവശ്യപ്പെട്ടു. ഇത് കാര്യമാക്കാതെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കുട്ടിയെ കൊല ചെയ്തത്.

കുട്ടിയുടെ ശരീര ഭാഗങ്ങള്‍ പല സ്ഥലത്തു നിന്നായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്തായത്. കുട്ടിയുടെ സ്കൂളിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഇസ്തിയാഖ് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുന്നതായി തെളിഞ്ഞിരുന്നു. തുടര്‍ന്നാണ്, ഇയാളെ വലയിലാക്കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയുടെ തലയുടെ ഭാഗങ്ങള്‍ നഗരപ്രാന്തത്തിലെ മൈതാനത്തില്‍ കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചു. ഇത് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.