ഏഷ്യാനെറ്റ്‌ ചാനല്‍ ചര്‍ച്ചയ്ക്കിടെ ജയരാജന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസ് : മാധ്യമപ്രവര്‍ത്തകര്‍ക്ക് വാറന്റ്‌

single-img
23 April 2014

കണ്ണൂര്‍:  ഏഷ്യാനെറ്റ് ചാനലിലെ പോര്‍ക്കളം പരിപാടിക്കിടെ  റിപ്പോര്‍ട്ടര്‍ ഷാജഹാനെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മര്‍ദിച്ചെന്ന കേസില്‍ വിചാരണയ്ക്ക് ഹാജരാവാത്തതിനെത്തുടര്‍ന്ന് മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്റ് അയച്ചു. 

പരാതി നല്‍കിയ ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന ഷമ്മി പ്രഭാകര്‍, കോഴിക്കോട് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ.ഷാജഹാന്‍, ക്യാമറാമാന്‍ വി.എസ്.സാജന്‍ എന്നിവര്‍ക്കാണ് വാറന്റ് അയച്ചത്. പലതവണ കേസിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ഈ നടപടി. 

2011 മാര്‍ച്ച് മൂന്നിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ അന്ന് എം.എല്‍.എ.യായിരുന്ന പി.ജയരാജന്‍ അവതാരകനായ ഷാജഹാനെ മര്‍ദിച്ചെന്നാണ് പരാതി. കേസിന്റെ വിചാരണയ്ക്ക് നാലു തവണയായിട്ടും പരാതിക്കാരനും സാക്ഷികളും ഹാജരാവാത്തതിനെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. കേസ് മെയ് 24ന് വീണ്ടും പരിഗണിക്കും.