ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി സര്‍ക്കാരും രാജകുടുംബവുമാണെന്ന് വി.എസ്

single-img
19 April 2014

vsപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്‌രവാദി സര്‍ക്കാരും രാജകുടുംബവുമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോടു മാപ്പു പറയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള പരാതികള്‍ താന്‍ രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാരിനു കൈമാറിയിരുന്നതാണെന്നും എന്നാല്‍ രാജകുടുംബത്തെ പേടിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പായസത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്തുന്ന കാര്യം ജീവനക്കാര്‍ അന്നു തന്നോടു പറഞ്ഞിരുന്നെന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ പരിഹസിക്കുകയാണുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ക്ഷേത്രത്തിനു ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വേണമെന്നും ജനാധിപത്യവ്യവസ്ഥയില്‍ രാജകുടുംബത്തിന് പ്രത്യേകപരിഗണന നല്‌കേണ്ട കാര്യമില്ലെന്നും വിഎസ് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവന്ന അമിക്കസ്‌ക്യൂറിയെ അഭിനന്ദിക്കുന്നതായും വി.എസ്. പറഞ്ഞു.