മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തില്‍ : സല്‍മാന്‍ റുഷ്ദി അടക്കമുള്ള ബ്രിട്ടനിലെ ഇന്ത്യന്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്

single-img
12 April 2014

ലണ്ടന്‍ : നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിനെതിരെ ബ്രിട്ടനിലുള്ള ഇന്ത്യാക്കാരായ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്‌.പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി അടക്കമുള്ളവരാണ് മോഡിയെ വിമര്‍ശിച്ചു തുറന്ന കത്തെഴുതിയത്.

‘നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും’ എന്ന തലക്കെട്ടില്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ദി ഗാര്‍ഡിയന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് മോഡിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്.സല്‍മാന്‍ റുഷ്ദിയെക്കൂടാതെ ശില്പി അനീഷ്‌ കപൂര്‍ , പ്രശസ്ത സിനിമാ സംവിധായിക ദീപാ മേത്ത തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

തങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ചോദ്യം ചെയ്യുകയല്ലെന്നും മറിച്ചു 2002-ല്‍ ഗുജറാത്തില്‍ നടന്നത്  പോലെയുള്ള ഭീകരമായ സംഭവങ്ങളില്‍ മോഡി സര്‍ക്കാരിനുള്ള പങ്കിനെക്കുറിച്ച് ഓര്‍മ്മിക്കേണ്ടത് അത്യാവശ്യമായത് കൊണ്ടാണ് ഇങ്ങനെയൊരു കത്തെഴുതുന്നത് എന്നും കത്തില്‍ പറയുന്നു.അന്നത്തെ നരേന്ദ്രമോഡി സര്‍ക്കാരിലെ പലരും വിചാരണ നേരിട്ടിട്ടും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ പോലും മോഡി ഇതുവരെ തയ്യാറായിട്ടില്ല എന്നും കത്ത് കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയ ധാര്‍മികതയും സ്വഭാവ സദാചാരവുമില്ലാത്ത മോഡിയെപ്പോലെയൊരാള്‍ക്ക് ഒരിക്കലും ഇന്ത്യയുടെ മതേതര ഭരണഘടനയുമായി യോജിച്ചു പോകാന്‍ കഴിയില്ല എന്നും ഇവര്‍ പറയുന്നു.ന്യൂനപക്ഷങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കുന്ന,നാനാത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകനാകാന്‍ മോഡിക്ക് കഴിയില്ല എന്നാണു സാംസ്കാരിക പ്രവര്‍ത്തകര്‍ കത്തിലൂടെ പറയുന്നത്.

താരതമ്യങ്ങളില്ലാത്ത ക്രൂരതയുടെയും ഭീകരതയുടെയും അധികാര ഹുങ്കിന്റെയും പ്രതീകമായ മോഡി ജനാധിപത്യം,മതേതരത്വം,സമത്വം,സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തിന്റെ നിലപാടുകള്‍ക്ക് എതിരാണെന്നും  കത്തില്‍ ഒപ്പ് വെച്ച ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസര്‍ ചേതന്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ തുറന്ന കത്തിനോട് കടുത്ത പ്രതിഷേധമാണ് ബി ജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചത്.കത്തിലെ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും മുന്‍വിധി’യോടെയുല്ലതുമാണെന്ന് ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു .