പുരുഷന്മാര്‍ക്ക് തെറ്റുപറ്റാം,പീഡനത്തിന്‌ വധശിക്ഷ ആവശ്യമില്ല: മുലായം സിങ് യാദവ്

single-img
10 April 2014

mulaബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാവുന്ന ഇന്ത്യ ശിക്ഷാനിയമത്തിലെ പുതിയ വകുപ്പിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് പരസ്യമായി രംഗത്തെത്തിയത് വിവാദമായി. ആണ്‍കുട്ടികള്‍ എപ്പോഴും തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്നും മുലായം ചോദിച്ചു.

 
മുറാദാബാദിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ മുലായം ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയും കോടതിയലക്ഷ്യവും നടത്തിയിരിക്കുന്നത്‌.മുംബൈ ശക്തിമില്‍ പരിസരത്ത് പത്രഫോട്ടോഗ്രാഫറായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെയായിരുന്നു മുലായത്തിന്റെ പ്രസംഗം. ബലാത്സംഗം ചെയ്‌തെന്ന് ഒരു യുവതി പരാതിനല്‍കിയപ്പോള്‍ രണ്ട് പുരുഷന്മാരെ വധശിക്ഷക്ക് വിധിച്ചത് ശരിയാണോ? പ്രസംഗത്തിനിടെ മുലായം ചോദിച്ചു.

 
അവര്‍ പുരുഷന്മാരാണ്. അതിനാല്‍തന്നെ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ഇത്തരം നിയമങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും തെറ്റായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുലായം പറഞ്ഞു.അതേസമയം മുലായത്തിന്റെ പ്രസംഗം കുറ്റകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. പ്രസംഗം സ്ത്രീകള്‍ക്കും സമൂഹത്തിനും എതിരെയുള്ളതാണെന്ന് കിരണ്‍ ബേദി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

 
ബലാത്സംഗത്തില്‍ മരണമടയുന്ന കേസില്‍ മാത്രമേ വധശിക്ഷ നല്‍കാവു. പീഡനത്തിന്‌ ജീവപര്യന്തം മാത്രം മതി. സ്‌ത്രീ പീഡന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന്‌ പരിശോധന നടത്തുമെന്ന്‌ പ്രകടന പത്രികയിലും സമാജ്‌വാദി പാര്‍ട്ടി പറഞ്ഞിട്ടുണ്ട്‌. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിവേഗ കോടതി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു