ആന്ധ്രാപ്രദേശിൽ ബി.ജെ.പിയും തെലുങ്കുദേശം പാർട്ടിയും തമ്മിൽ സീറ്റു ധാരണയിലെത്തി

single-img
6 April 2014

bjpആന്ധ്രാപ്രദേശിൽ ബി.ജെ.പിയും ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയും (ടി.ഡി.പി)​ തമ്മിൽ സീറ്റു ധാരണയിൽ എത്തി. തെലുങ്കാനയിലെ 47 നിയമസഭാ സീറ്റുകളിലും എട്ടു ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി മത്സരിക്കും. സീമാന്ധ്രയിൽ 15 നിയമസഭാ സീറ്റുകളിലും അഞ്ചു ലോക്‌സഭാ സീറ്റുകളിലുമാണ് ബി.ജെ.പി മത്സരിക്കുക.

തെലുങ്കാന മേഖലയിൽ 72 നിയമസഭാ സീറ്റിലും 10 ലോക്‌സഭാ സീറ്റിലും സീമാന്ധ്ര മേഖലയിൽ 160 നിയമസഭാ സീറ്റിലും 20 ലോക്‌സഭാ സീറ്റിലുമാണ് തെലുങ്കുദേശം പാർട്ടി മത്സരിക്കുക.

തെലുങ്കാനയിലെ 119 നിയമസഭാ സീറ്റിലും 17 ലോക്‌സഭാ സീറ്റിലും ഏപ്രിൽ 30നാണ് വോട്ടെടുപ്പ്. സീമാന്ധ്രയിലെ 175 അസംബ്ളി സീറ്റിലും 25 ലോക്‌സഭാ സീറ്റിലും മേയ് ഏഴിനുമാണ് തിരഞ്ഞെടുപ്പ്.

നേരത്തെ ബി.ജെ.പി ആന്ധ്രാഘടകത്തിലെ ജില്ലാ പ്രസിഡന്റുമാർ ഉയർത്തിയ എതിർപ്പ് അവഗണിച്ചാണ് ടി.ഡി.പിയുമായി സഖ്യമുണ്ടാക്കിയത്. ടി.ഡി.പിയുമായി സഖ്യമുണ്ടാക്കിയാൽ രാജി വയ്ക്കുമെന്നായിരുന്നു മണ്ഡലം പ്രസിഡന്റുമാരുടെ ഭീഷണി. എന്നാൽ കേവലഭൂരിപക്ഷം നേടാൻ തെലുങ്കുദേശം പാർട്ടിയുടെ പിന്തുണ ആവശ്യമാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.