മോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരണാസിയില്‍ പ്രചാരണത്തിന്

single-img
6 April 2014

modi-visaനരേന്ദ്രമോഡിയുടെ ഓഫീസില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് മോഡിക്കെതിരെ വാരാണാസിയില്‍ പ്രചരണത്തിനിറങ്ങും. ഗുജറാത്ത് സര്‍ക്കാരിന്റെയും ഗുജറാത്ത് പോലീസിന്റെയും പീഡനം കാരണം മോഡിയുടെ ഓഫീസില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് കല്‍പേഷ് പട്ടേലാണ് മോഡിക്കെതിരെ ഭാര്യയുടെ ആത്മഹത്യയും ഉയര്‍ത്തി പ്രചരണത്തിനിറങ്ങുന്നത്.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ താമസിക്കുന്ന കല്‍പേഷും ഭാര്യയും ഭാര്യയുടെ തന്നെ ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെട്ടത് പരാതിയായി പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. പക്ഷേ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിനു പകരം ഇവരെ ലോക്കപ്പില്‍ അടച്ചു ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.

2011ലെ ഈ സംഭവം മുഖ്യമന്ത്രിയെ കത്തുമൂലം അറിയിക്കുകയും സര്‍ക്കാരിന്റെ ജനതാ ദര്‍ബാറില്‍ പങ്കെടുത്ത് നേരിട്ടു പറയുകയും ചെയ്തു. യാതൊരു ഫലവും കാണാതായപ്പോള്‍ കല്‍പേഷ് ഈ സംഭവം കോടതിയിലെത്തിക്കുകയായിരുന്നു. കോടതിയിലെത്തിയതോടെയാണ് പോലീസിന്റെ ഭഥാര്‍ത്ഥ പീഡനം ആരംഭിച്ചതെന്ന് കല്‍പേഷ് പറയുന്നു.

ഒടുവില്‍ നീതി ലഭിക്കില്ലെന്നുറപ്പായതോടെ കല്‍പേഷിന്റെ മഭാര്യ മോഡിയുടെ ഗാന്ധിനഗര്‍ ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 2012 ഏപ്രില്‍ 28നായിരുന്നു ആ സംഭവം.

തന്റെ പ്രചരണം ജനങ്ങളോടുള്ള തന്റെ മന്നറിയിപ്പാണെന്നാണ് കല്‍പേഷ് പറയുന്നത്. ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് താന്‍ പ്രയത്‌നിക്കുന്നതെന്നും കല്‍പേഷ് പറയുന്നു.

എന്നാല്‍ മറ്റാരുടേയോ പ്രേരണയാലാണ് കല്‍പേഷ് പ്രചരണത്തിനിറങ്ങുന്നതെന്നാണ് ബി.ജെ.പി ഗുജറാത്ത് ഘടകം പറയുന്നത്.