അയോദ്ധ്യയില്‍ രാമക്ഷത്രത്തിന് വേണ്ടി നേതാക്കള്‍ തന്നെയാണ് സ്വന്തം പ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലാന്‍ പറഞ്ഞതെന്ന് വെളിപ്പെടുത്തല്‍

single-img
5 April 2014

Sakhsi-Maharaj__DE_1430571eരാമക്ഷേത്ര നിര്‍മ്മാണത്തിന് വേഗം കൂട്ടണമെന്നാഗ്രഹിച്ച ബി.ജെ.പിയിലെയും മറ്റു ഹിന്ദു സംഘടനകളിലെയും ചില ഉന്നതരാണ് അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിനോടനുബന്ധിച്ചുള്ള കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയതെന്നുള്ള ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കോബ്രാ പോസ്റ്റ് പുറത്തുവിട്ടു. രാജ്യത്ത് രാമക്ഷേത്ര പ്രസ്ഥാനം വളരാന്‍ അശോക് സിംഗാള്‍, വിനയ് ഹത്യാര്‍ തുടങ്ങിയ നേതാക്കളാണ് ഈ നരഹത്യ ആസൂത്രണം ചെയ്തതെന്നാണ് ഉമാഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുമായിട്ടുള്ള ഒളിക്യാമറ ചര്‍ച്ചയിലൂടെ കോബ്രാ പോസ്റ്റ് പുറത്തുകൊണ്ടു വന്നിട്ടുള്ളത്.

കലാപം നടക്കുമ്പോള്‍ നമ്മളിലുള്ള കുറച്ചാള്‍ക്കാര്‍ മരിക്കാതെ പ്രസ്ഥാനത്തിന് ഗതിവേഗം കിട്ടില്ലെന്ന് അശോക് സിംഗാള്‍ പറഞ്ഞാതായാണ് സംഘപരിവാറിന്റെ മുന്‍നിര നേതാവായ സാക്ഷി മഹാരാജ് വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ മരിക്കുന്നത് ദുരന്തത്തിന് വഴിവക്കില്ലേയെന്ന തന്റെ ചോദ്യത്തിന് അവര്‍ മരിക്കാതെ പ്രസ്ഥാനം പൂര്‍ണ്ണമാകില്ലെന്നായിരുന്നു അശോക് സിംഗാളിന്റെ ഉത്തരമെന്നും സാക്ഷി വെളിപ്പെടുത്തുന്നു.

ശേഷം തങ്ങള്‍ക്കറിയാവുന്ന ചിലര്‍ തങ്ങള്‍ക്കറിയാവുന്ന മറ്റുചിലരെ വെടിവച്ച് വീഴ്ത്തുന്നത് കാണേണ്ടിവന്നുവെന്നും സാക്ഷി പറയുന്നുണ്ട്. അവര്‍ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകരും മുന്‍നിര നേതാക്കളുമായതിനാല്‍ താന്‍ ആ പേരുകള്‍ പറയുന്നില്ലെന്നും സാക്ഷി പറഞ്ഞു.

മുലായം സിംഗ് യാദവല്ല വെടിവയ്പ്പിന് ഉത്തരവിട്ടതെന്നും തങ്ങളുടെ തന്നെ ആളുകളായിരുന്നു അത് നടപ്പാക്കിയതെന്നുമാണ് സാക്ഷി പറയുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന താന്‍ എങ്ങനെയാണ് വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ഇപ്പോഴുമറിയില്ലെന്ന് സാക്ഷി പറയുന്നുണ്ട്. മുലായം സിംഗ് യാദവാണ് ഉത്തരവിട്ടതെങ്കില്‍ തുടര്‍ന്നു ഭരണത്തില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്റ് വെടിവച്ചവരെ ശിക്ഷിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുകയാണ് ചെയ്തത്.

കര്‍സേവകരെ തെരഞ്ഞ് പിടിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന സത്യം സാക്ഷി വിശ്വസിക്കുന്നതിങ്ങനെയാണ്.- ആള്‍ക്കൂട്ടത്തിന് നേരെയായിരുന്നു വെടിവയ്‌പ്പെങ്കില്‍ എല്ലാപേരും മരിക്കേണ്ടതാണ്. എന്നാല്‍ മരിച്ചവര്‍ രാജസ്ഥാനിലെ മഹേന്ദ്രമാരും ബംഗാളിലെ കോതാരിമാരുമാണ്.

സാക്ഷിമഹാരാജിന്റെ പ്രതാവനകളെ ശരിവയ്ക്കുന്ന രീതിയിലാണ് ഉമാഭാരതിയും പ്രതികരിച്ചത്. കൂടാതെ ഉമാഭാരതി കോതാരി സഹോദരങ്ങളുടെ മരണത്തിന് വിനയ് ഹത്യാറിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

രാമക്ഷേത്രപ്രസ്താനത്തിന് വേണ്ടി ചെറുപ്പത്തില്‍ ആവേശത്തിന് ഇറങ്ങിത്തിരിച്ചവനാണ് താനെന്ന് അന്ന് കലാപത്തില്‍ പങ്കെടുത്ത ധര്‍മ്മേന്ദ്ര സിംഗ് ഗര്‍ജര്‍ പറയുന്നുണ്ട്. ആ സമയത്ത് തങ്ങള്‍ക്കൊക്കെ ഒരുതരം ഭ്രാന്തായിരുന്നുവെന്നും അത് മുതലെടുത്ത് നേതാക്കള്‍ തങ്ങളെ ഉപയോഗിച്ച് വിഡികളാക്കി വലിച്ചെറിയുകയുമായിരുന്നുവെന്നും ഗര്‍ജ്ജാര്‍ പറയുന്നു.