തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ഹരമാക്കിയ പദ്മരാജന്‍ ഇത്തവണ വഡോദരയില്‍ മോഡിക്കെതിരെ

single-img
4 April 2014

ഇലക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന ഡോ കെ പദ്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വഡോദരയില്‍ നരേന്ദ്രമോദിക്കെതിരെയാണ്. വിജയിക്കാനല്ല തന്റെ പോരാട്ടമെന്ന് പദ്മരാജന്‍ പറയുന്നു.

ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് പദ്മരാജന് ഒരു ഹരമാണ്. 1988 ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പിന്നെ 158 തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി. വഡോദരയില്‍ പോരാട്ടം നരേന്ദ്രമോദിക്കെതിരാണെന്നത് പദ്മരാജനെ ഒട്ടും തന്നെ അലട്ടുന്നില്ല .കാരണം പദ്മരാജന്റെ ലക്‌ഷ്യം ജയമല്ല.ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചയാളെന്ന ഗിന്നസ് റെക്കോര്‍ഡ്‌ ലക്ഷ്യമിട്ടാണ് പദ്മരാജന്റെ ഈ സാഹസങ്ങള്‍.

55-കാരനായ പദ്മരാജന്‍ തമിഴ്നാട്ടിലെ മേട്ടൂര്‍ സ്വദേശിയാണ്.പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ഇദ്ദേഹം.ഹോമിയോപ്പതി ഡോക്ടറായ പദ്മരാജന്‍ ഒരു ടയര്‍ വ്യാപാര സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാല് തവണ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാല് തവണ, 25 തവണ ലോക്‌സഭയിലേക്ക്, 32 തവണ രാജ്യസഭയിലേക്ക് 48 തവണ നിയമസഭയിലേക്ക്, ഇങ്ങനെ പോകുന്നു പദ്മരാജന്റെ തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രം.

പ്രമുഖ നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി,മന്‍മോഹന്‍ സിംഗ്,പ്രതിഭാ പാട്ടീല്‍,അബ്ദുല്‍ കലാം തുടങ്ങിയവര്‍ക്കെതിരെയും മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റ തെരഞ്ഞെടുപ്പില്‍ പോലും പച്ച തൊട്ടിട്ടില്ലെന്നത് പരസ്യമായ രഹസ്യം.പല തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇതുവരെ 12-ലക്ഷം രൂപയോളം താന്‍ ചെലവഴിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

തനിക്കു കിട്ടിയ വോട്ടുകള്‍ എത്രയാണെന്നൊന്നും ഇദ്ദേഹത്തിനു ഓര്‍മയില്ല.എങ്കിലും 2011-ലെ തമിഴ്നാട് നിയമസഭാ തെരെഞ്ഞെടുപ്പില്‍ തന്റെ സ്വദേശമായ മേട്ടൂരില്‍ നിന്നും 6,273 വോട്ടുകളാണ് തനിക്കു ഇതുവരെ ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ എന്ന് പദ്മരാജന്‍ ഓര്‍മ്മിക്കുന്നു.