സത്‍നാം സിങിന്റെ മരണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് സംസ്ഥാനസര്‍ക്കാര്‍

single-img
3 April 2014

അമൃതാനന്ദമയി മഠത്തില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ദുരൂഹസാഹചര്യത്തില്‍ മരിച്ച ബീഹാര്‍ സ്വദേശി സത്നാം സിങ്ങിന്റെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും അതിനാല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്നാം സിങിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 2012 ആഗസ്റ്റ് നാലിനാണ് സത്നാം സിങ് പോലീസ് കസ്റ്റഡിയിലിരിക്കെ ഗുരുതര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ചു കടന്ന് വെന്ന് കാണിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മഠത്തില്‍ വെച്ച് തന്നെ അവിടുത്തെ അന്തേവാസികള്‍  സത്നാമിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.സ്വാമിമാര്‍ അടക്കമുള്ളവര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പോലീസിനു കൈമാറിയത്.മാനസികാസ്വാസ്ഥ്യമുള്ള സത്നാമിനെ കോടതി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു.അവിടെ വെച്ചാണ് സത്നാം കൊല്ലപ്പെട്ടത്.

സത്‌നാം സിങിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കില്ലെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കേരളാ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.