യുവതിയെ നിരീക്ഷിച്ചത് സംരക്ഷണം നല്‍കാന്‍ : വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍

single-img
3 April 2014

ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ നരേന്ദ്ര മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു  യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തിൽ വിചിത്ര വാദവുമായി ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. യുവതിയുടെ അറിവോടെയാണ് നിരീക്ഷിച്ചതെന്നും ഐ.എ.എസ് ഒഫീസര്‍ പ്രദീപ് ശര്‍മയില്‍ നിന്നും യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതിനാലാണ് നിരീക്ഷിച്ചതെന്നും ഇതില്‍ അവര്‍ കൃതഞ്ജത അറിയിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ശര്‍മക്ക് യുവതിയുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ടെലഫോണ്‍ സംഭാഷണത്തിന്‍റെ പകര്‍പ്പ് സീല്‍ വെച്ച കവറില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ശർമ നൽകിയ ഹർജി പിൻവലിക്കണമെന്നും ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ മോദി ഭരണകൂടം യുവതിയെ നിരീക്ഷിച്ച സംഭവം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പ്രദീപ്ശര്‍മ കോടതിയെ സമീപിച്ചത്.മോദിയെ പ്രതിരോധത്തിലാക്കിയ സംഭവം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയമിക്കാനും തീരുമാനമെടുത്തിരുന്നു.

ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ 2008 ഓഗസ്റ്റ് ഒന്നു മുതല്‍ ഒരു വര്‍ഷം മോദിക്ക് വേണ്ടി അമിത്ഷായുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന വാര്‍ത്ത ഗുലൈല്‍ ഡോട്ട് കോമാണ് പുറത്തു വിട്ടത്. മോദി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിവരങ്ങളും ഗുലൈല്‍ പുറത്തുകൊണ്ടു വന്നിരുന്നു.