അസംബന്ധം പുലമ്പുന്ന മോഡിയെ മനോരോഗത്തിന് ചികിത്സിക്കണമെന്ന് ശരദ് പവാര്‍

single-img
31 March 2014

ന്യൂഡല്‍ഹി: അസംബന്ധം പുലമ്പുന്ന നരേന്ദ്രമോഡിയെ മനോരോഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്നു നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്സ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍.ഞായറാഴ്ച മോഡി മഹാരാഷ്ട്രയില്‍ നടത്തിയ റാലികളില്‍ ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.അതിനു തൊട്ട് പിന്നാലെയാണ് പവാറിന്റെ പ്രത്യാക്രമണം.

കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് കുപ്രസിദ്ധമായ അമരാവതിയിലാണ് മോഡി പവാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.പവാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും നല്ല സ്വാധീനമുള്ള മേഖലയാണ് അമരാവതി.

ഞായറാഴ്ച്ച ഘന്‍സ്വാങ്ങിയില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ് “മോഡിയ്ക്ക് തലയ്ക്കു സുഖമില്ലെന്നും,ഇത്തരം അസംബന്ധങ്ങള്‍ പുലമ്പുന്ന മോഡിയെ മനോരോഗാശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിക്കണമെന്നും ” പവാര്‍ പറഞ്ഞത്.

ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള തന്റെ നിലപാട് പവാര്‍ ഇതേ യോഗത്തില്‍ വെച്ച് തന്നെ തിരുത്തുകയും ചെയ്തു.ഗുജറാത്ത് കലാപത്തില്‍ ഒരു പാശ്ചാത്താപവും പ്രദര്‍ശിപ്പിക്കാത്ത മോഡിയുടെ നിലപാട് അപകടകരമാണെന്ന് പവാര്‍ കുറ്റപ്പെടുത്തി. ഇതിനു മുന്‍പ് മറ്റൊരു പരസ്യ പ്രസ്താവനയില്‍ 2002-ലെ കലാപങ്ങളുടെ പേരില്‍ മോഡിയെ കുറ്റപ്പെടുത്താനാവില്ല എന്ന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു.