മോദി മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മയുടെ നിര്‍ബന്ധപ്രകാരം തിരികെ കൊണ്ടുപോയി വിട്ടതായി ഹമീഷ് മോദി

single-img
27 March 2014

modi24മനുഷ്യനെ ജീവനോടെ ഭക്ഷിക്കുന്ന മുതലകളുള്ള ശര്‍മ്മിഷ്ട തടാകക്കരയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നരേന്ദ്രമോദിയുടെയും കൂട്ടുകാരുടെയും പന്ത് ഇടയ്ക്ക് തടാകത്തിലേക്ക് വീണു. നേതാവായ മോദി വേറൊന്നുമാലോചിക്കാതെ കുളത്തിലേക്ക് ചാടി. കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം മോദി പന്തുമായി പൊങ്ങിവന്നു. കൂട്ടത്തില്‍ ഒരു മുതലക്കുട്ടിയും. മുതലക്കുട്ടിയുമായി വീട്ടിലേക്ക് ചെന്ന മോദിയെ അമ്മ വഴക്കുപറഞ്ഞു. കുഞ്ഞുങ്ങളെ അമ്മയില്‍ നിന്നകറ്റിയാല്‍ ആ അമ്മയ്ക്കുണ്ടാകുന്ന വിഷമങ്ങള്‍ അവര്‍ മോദിയെ പറഞ്ഞു മനസ്സിലാക്കി. കാര്യം മനസ്സിലായ മോദി ഉടന്‍തന്നെ മുതലക്കുഞ്ഞിനെ തിരികെ തടാകത്തില്‍ കൊണ്ടുപോയി വിട്ടു.

സംഭവം വായിച്ച് അത്ഭുതപ്പെടേണ്ട. നരേന്ദ്രമോദി ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നും ചോദിക്കണ്ട. അങ്ങനെ ചോദിക്കുന്നവരോട് ‘ഉണ്ട്’ എന്നാണ് മോദിയുടെ അടുത്ത സുഹൃത്തായ ഹമീഷ് മോദി പറയുന്നത്. ഹമീഷ്‌മോദിയുടെ ബാല്‍ നരേന്ദ്ര- നരേന്ദ്രമോദിയുടെ ബാല്യകാല കഥകള്‍ എന്ന പുസ്തകത്തിലൂടെ ഇന്ത്യ മുഴുവന്‍ മോദിയുടെ കുട്ടിക്കാലക്കഥകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം എല്ലാ സ്‌റ്റേറുകളിലും വിറ്റുതീര്‍ന്ന അവസ്ഥയിലാണെന്നും പ്രസാധകരായ രണ്‍ദേ പ്രകാശ് പറയുന്നു.

വളരെക്കാലം മുമ്പ് തന്നെ നരേന്ദ്രമോദിയുടെ കുട്ടിക്കാലം ചിത്രകഥയാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഹമീഷ് മോദി പറയുന്നു. അതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളാണ് ബാല്‍ നരേന്ദ്ര- നരേന്ദ്രമോദിയുടെ ബാല്യകാല കഥകള്‍ എന്ന പുസ്തകത്തിലെത്തി നില്‍ക്കുന്നതെന്നും ഹമീഷ് മോദി വെളിപ്പെടുത്തി. മോദിയെ അടുത്തറിയാവുന്നവരും മറ്റും നല്‍കിയ വിവരങ്ങളാണ് പുസ്തകത്തിനാധാരമെന്ന് ഹമീഷ് മോദി പറഞ്ഞു.

നാലു കുട്ടികള്‍ ചേര്‍ന്ന് മറ്റൊരുകുട്ടിയെ മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നരേന്ദ്രമോദി മര്‍ദ്ദിക്കുന്ന കുട്ടികളുടെ ഷര്‍ട്ടില്‍ മഷി ഒഴിക്കുകയും അതിനുശേഷം മഷി പുരണ്ടവരാണ് പ്രശ്‌നക്കാരെന്ന് പ്രധാന അധ്യാപകനെ അറിയിക്കുകയും ചെയ്തു. അവര്‍ക്ക് പ്രധാന അധ്യാപകന്റെ കയ്യില്‍ നിന്നും നല്ല ശിക്ഷ കിട്ടി.- ഇങ്ങനെ പോകുന്നു ഈ പുസ്തകത്തിലെ പല കഥകളും. ഇതെല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയെന്നാണ് പുസ്തകത്തിന്റെ ആമുഖത്തിലൂടെ ഹമീഷ് മോദി പറയുന്നത്.

കുട്ടിക്കാലത്ത് അമ്മാവന്‍ സമ്മാനമായി നല്‍കിയ പഴകിത്തേഞ്ഞ ഷൂ ദരി്രദനായ നരേന്ദ്രമോദി പോളിഷ് ചെയ്തിരുന്നത് സ്‌കൂളില്‍ നിന്നും കിട്ടുന്ന ചോക്ക് കൊണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നത്. പാത്രത്തില്‍ കത്തുന്ന കല്‍ക്കരിയിട്ട്് വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടാണ് മോദി സ്‌കൂളിലേക്ക് പോയിരുന്നതെന്നും പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. സൂററ്റില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ നരേന്ദ്ര മോദി ചായക്കടക്കാരനായതുമുതല്‍ നാടകനടനായതും മൃഗസ്‌നേഹിയായതും കബഡിക്കളിക്കാരനായതുമെല്ലാം 45 പേജുള്ള പുസ്തകത്തില്‍ കഥകളായുണ്ട്.