മുസാഫിര്‍നഗര്‍ കലാപം :ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

single-img
26 March 2014

ന്യുഡല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.കലാപം തടയുന്നതിലും അന്വേഷണം നടത്തുന്നതിലും അഖിലേഷ് യാദവ് സര്‍ക്കാറിന് പിഴവ് സംഭവിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. രഹസ്യവിവരം ലഭിച്ചിട്ടും കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണം സത്യസന്ധമല്ല.അതേസമയം  കലാപകാരികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണമോ പ്രത്യേക അന്വേഷണമോ ആവശ്യമില്ല. സര്‍ക്കാറിന് നിലവിലെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും കലാപം തടയാന്‍ കേന്ദ്ര- സംസ്ഥാന- ജില്ലാ ഭരണകൂടങ്ങള്‍ ഗുരുതരമായ അനാസ്ഥാ കാട്ടിയെന്നും കോടതി വിലയിരുത്തി. എന്നാല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് കോടതിക്കു മുമ്പാകെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.\

കലാപ ബാധിതര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ അഞ്ചു ലക്ഷം രൂപ കൂടി അധികം നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.മുസാഫര്‍നഗര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണമല്ല നടത്തിയതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ആഗസ്റ്റിലുണ്ടായ ജാട്ട് – മുസ്ലിം കലാപത്തില്‍ 60 ഓളം പേരാണ് കൊല്ലപ്പെട്ടത്.മുസാഫര്‍നഗറിലെ ഒരു ഗ്രാമത്തില്‍ രണ്ട് ജാട്ട് സമുദായക്കാരും ഒരു മുസ്ലീം യുവാവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലാണ് കഴിയുന്നത്.