ഇന്ത്യ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കുന്നു :ആദ്യഘട്ടത്തില്‍ പത്തുരൂപാ നോട്ടുകള്‍ പ്ലാസ്റ്റിക് ആക്കും

single-img
26 March 2014

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന വണ്ണം അഞ്ച് പ്രധാന നഗരങ്ങളില്‍ പത്ത് രൂപയുടെ നോട്ടുകള്‍ ഇറക്കുമെന്ന് ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍ , ഷിംല എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നോട്ട് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2010ല്‍തന്നെ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുന്നത്.

പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ടെന്‍ഡര്‍ വിളിച്ച് തുടങ്ങുമെന്ന് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ അവസാനഘട്ടത്തിലാണ്. എട്ടോളം സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാനുള്ള താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ ട്രയല്‍ ഇറക്കിയശേഷം കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ ഇറക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിക്കുന്നത്.

അതേസമയം പ്ലാസ്റ്റിക് നോട്ടുകള്‍ മിക്കവാറും വിദേശരാജ്യത്ത് വെച്ചായിരിക്കും അച്ചടിക്കുകയെന്ന് റിസര്‍വ്വ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാനുള്ള സൗകര്യം ഇന്ത്യയിലെ പ്രസുകള്‍ക്കില്ല.

പേപ്പര്‍ നോട്ടുകളെക്കാള്‍ കൂടുതല്‍ നില്‍ക്കുന്നതാണ് പ്ലാസ്റ്റിക് നോട്ടുകളെന്നും കള്ളനോട്ടുകള്‍ ഇറക്കാനുള്ള സാധ്യത കുറവാണെന്നതുമാണ് ഇതിന്റെ ഗുണങ്ങളായി റിസര്‍വ്വ് ബാങ്ക് വിലയിരുത്തുന്നത്. മുഷിഞ്ഞതും കീറിയതുമായ നോട്ടുകളുടെ എണ്ണം ഓരോ വര്‍ഷം കൂടിവരുന്നതും പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കാന്‍ കാരണമാണ്.ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള 25ലേറെ രാജ്യങ്ങള്‍ വളരെ നേരത്തെ തന്നെ പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്നു.