സൈനുദ്ദീന്‍ വധക്കേസ്: ആറു പ്രതികള്‍ക്ക് ജീവപര്യന്തം

single-img
26 March 2014

wedfഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. സിപിഎം പ്രവർത്തകരാണു ശിക്ഷിക്കപ്പെട്ടവർ.

ഒന്നാം പ്രതി നിജില്‍, രണ്ടാം പ്രതി കെ. പി. ബിജു, മൂന്നാം പ്രതി പി.പി. റിയാസ്, നാലാം പ്രതി ബിനീഷ്, അഞ്ചാം പ്രതി എ. സുമേഷ്, ഒമ്പതാം പ്രതി പി. പി. ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.എറണാകുളം പ്രത്യകേ സി.ബി.ഐ കോടതിയുടേതാണ് വിധി.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ സൈനുദ്ദീന്‍ 2008 ജനുവരി 23നാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുത്ത കേസില്‍ 11 പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ വിചാരണ കാലത്ത് തെളിവില്ലെന്ന് കണ്ട് അഞ്ചു പ്രതികളെ വെറുതെവിട്ടിരുന്നു.

സംഭവ ദിവസം കക്കയങ്ങോട്ടെ സുഹൃത്തിന്‍െറ ഇറച്ചിക്കടയില്‍ നില്‍ക്കവെയാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. രക്ഷപ്പെടാനായി കടയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ ലെക്സി കോംപ്ളക്സിലെ ഒന്നാം നിലയില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കാക്കയങ്ങാടു പ്രദേശത്ത് എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു സൈനുദ്ദീന്റെ മാതാവു നല്‍കിയ ഹര്‍ജിയിലാണു സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്.