വിമാനം കാണാതായ സംഭവം : ചൈനയിലെ മലേഷ്യന്‍ എംബസ്സിയ്ക്ക് മുന്നില്‍ പോലീസും തദ്ദേശീയരും ഏറ്റുമുട്ടി

single-img
26 March 2014

ബെയ്‌ജിംഗ്‌: മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ചൈനീസ്‌ വംശജരുടെ ബന്ധുക്കള്‍ ചൈനയിലെ മലേഷ്യന്‍ എംബസിക്കുമുന്നില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.

വിമാനത്തിന്റെ തകര്‍ച്ചയ്‌ക്കു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പ്രകടനമായെത്തിയ പ്രതിഷേധക്കാരാണ്‌ എംബസിക്കുമുന്നില്‍ നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചത്‌. ദുരന്തത്തില്‍ കൊല്ലപ്പെട്ട 239 പേരില്‍ 154 പേര്‍ ചൈനീസ്‌ വംശജരായിരുന്നു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം മുന്നൂറിലധികം ആളുകളാണ്‌ എംബസിക്കുമുന്നിലേക്ക്‌ പ്രകടനമായെത്തിയത്‌.

“കാണാതായ മലേഷ്യന്‍ വിമാനത്തിന് എന്തു സംഭവിച്ചു? സത്യം ഞങ്ങള്‍ക്ക് അറിയണം’. 239 പേരുമായി പോയ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണ വിവരം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മലേഷ്യയിലെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്. മലേഷ്യന്‍ സര്‍ക്കാരിനെ കൊലപാതകികള്‍ എന്നു വിളിച്ച ബന്ധുക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ബന്ധുക്കള്‍ എംബസിക്കു മുന്നിലെത്തിയത്. മലേഷ്യന്‍ അംബാസഡറെ നേരിട്ടു കാണണമെന്നാവശ്യപ്പെട്ട്‌ എംബസി കെട്ടിടത്തിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാരെ തടയാന്‍ പോലീസെത്തിയതോടെ രംഗം കലുഷിതമായി. വെള്ളം നിറച്ച കുപ്പികളടക്കമുള്ളവയെറിഞ്ഞ്‌ സംഘര്‍ഷാന്തരീക്ഷം സൃഷ്‌ടിച്ചതോടെ പോലീസ്‌ ബലപ്രയോഗം നടത്തുകയായിരുന്നു. എംബസിക്കുപുറത്ത്‌ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തുനിഞ്ഞ പ്രതിഷേധക്കാരെ തടയാന്‍ പോലീസ്‌ ശ്രമിച്ചതും സ്‌ഥിതിഗതികള്‍ വഷളാക്കി. ഇതിനു മുമ്പും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പോലീസുമായി ഉരസല്‍ നടന്നിരുന്നു.