പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട എസ് കത്തി വിവാദത്തില്‍ മനം മടുത്തു താന്‍ സ്വയം വിരമിയ്ക്കാന്‍ വരെ തീരുമാനിച്ചിരുന്നു എന്ന് വിന്‍സന്‍ എം. പോള്‍

single-img
26 March 2014

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസ് അന്വേഷണത്തിനിടെ ഉയര്‍ന്ന വിവാദങ്ങളില്‍ മനം മടുത്തു സ്വയം വിരമിക്കുന്നതിനെക്കുറിച്ച് വരെ താന്‍ ആലോചിച്ചിരുന്നതായി എ ഡി ജി പി വിജിലന്‍സ് മേധാവിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍. പോള്‍ വധവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായതിന് പിന്നാലെയായിരുന്നു ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ശേഷം വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് വിന്‍സണ്‍ എം. പോള്‍ നേരത്തെയുള്ള വിവാദ തീരുമാനത്തെക്കുറിച്ചു പറഞ്ഞത്.

‘എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ്സംഭവം നടക്കുമ്പോള്‍ എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന വിന്‍സന്‍ എം. പോള്‍ അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. കൊലപാതകം സംബന്ധിച്ച ദുരൂഹത ഒഴിയുന്നതിന് മുമ്പായിരുന്നു ഈ വെളിപ്പെടുത്തല്‍. എസ് കത്തിയുമായി ബന്ധപ്പെട്ടുയര്‍ന്ന പലവിധ വ്യാഖ്യാനങ്ങള്‍ തന്നെ മാനസികമായി മടുപ്പിച്ചെന്ന് എ.ഡി.ജി.പി പറഞ്ഞു.

ആഭ്യന്തരവകുപ്പിനത്തെന്നെ പിടിച്ചുലച്ച കൊലപാതകം, അര്‍ധരാത്രി പൊതുവഴിയില്‍ യാദൃച്ഛികമായി ഉണ്ടായ സംഘര്‍ഷത്തിന്‍െറ ഫലമാണെന്ന വിശദീകരണം കൂടുതല്‍ വിവാദത്തിലേക്കാണ് നയിച്ചത്. എന്നാല്‍ അങ്ങനെ പറയേണ്ടിയിരുന്നത് തന്‍െറ ഉത്തരവാദിത്തമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.പോള്‍ കൊലക്കേസ് അന്വേഷണത്തില്‍നിന്ന് പിന്മാറാന്‍ വിന്‍സന്‍ എം. പോള്‍ ഒരുങ്ങിയതായി അന്നേ വാര്‍ത്ത പ്രചരിച്ചെങ്കിലും പിന്നീടങ്ങോട്ട് മാധ്യമങ്ങളില്‍നിന്ന് അകന്നുനിന്ന അദ്ദേഹം ഒന്നിനോടും പ്രതികരിച്ചില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നപ്പോഴെല്ലാം മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴെല്ലാം കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.