എ കെ 47-നും എ കെ ആന്റണിയും അരവിന്ദ് കെജ്രിവാളും പാക്കിസ്ഥാനെ സഹായിക്കുന്ന മൂന്ന് “എ.കെ ” മാരെന്നു മോഡി

single-img
26 March 2014

ജമ്മു: മോഡിയുടെ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ വ്യക്തിഹത്യയുടെ മാര്‍ഗത്തിലെയ്ക്ക്. പ്രതിരോധമന്ത്രി എകെ ആന്റണിയേയും തന്റെ  എതിര്‍സ്ഥാനാര്‍ത്ഥിയായ  ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനേയും വ്യക്തിപരമായി കടന്നാക്രമിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ പ്രസംഗം.

ഇരുവരും ഇന്ത്യയുടെ ശത്രുക്കളും പാകിസ്ഥാന്റെ ഏജന്റുമാരുമാണെന്നും മോദി പരോക്ഷമായി ആരോപിച്ചു.പാകിസ്ഥാനെ സഹായിക്കുന്ന മൂന്ന് ‘എ.കെ’ കള്‍ ഇന്ത്യയില്‍ ഉണ്ട്. ഒന്ന് കശ്മീരിനെ രക്തക്കളമാക്കുന്ന എകെ 47 തോക്കാണ്. പാക് സൈനികരുടെ വേഷത്തിലെത്തി ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെന്ന് പാര്‍ലമെന്റിനെ അറിയിച്ച പ്രതിരോധമന്ത്രി എകെ ആന്റണിയാണ് രണ്ടാമത്തെ എകെ. അരവിന്ദ് കെജ്രിവാളാണ് മോഡിയുടെ പട്ടികയിലെ  മൂന്നാമത്തെ എകെ.

185 സ്ഥലങ്ങളിലായി നടത്താനിരിക്കുന്ന രണ്ടാംഘട്ട റാലിയുടെ ഉത്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മോദി. കാശ്മീരിനെക്കുറിച്ചുള്ള ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷന്റെ നിലപാടുകളെയും മോദി ചോദ്യം ചെയ്തു. ആം ആദ്മിയുടെ വെബ്‌സൈറ്റില്‍ കാണിക്കുന്നത് കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായിട്ടാണ്. ഇത് പാക്കിസ്ഥാന് ഏറെ സ്വീകാര്യമായ കാര്യമായിരിക്കും മോദി പറഞ്ഞു.

പ്രചാരണങ്ങളുടെ ഭാഗമായി ജമ്മുകശ്മീരിലെ ഹിര നഗറില്‍ ഭാരത് വിജയ് റാലിയില്‍ പങ്കെടുത്ത മോദി കോണ്‍ഗ്രസിനെതിരെയും നാഷണല്‍ കോണ്‍ഫറന്‍സിനെതിരെയും വിമര്‍ശനം ഉന്നയിച്ചു.വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിക്കാട്ടുന്നതെന്നും മോദി ആരോപിച്ചു. വികസനമാണ് തന്റെ മന്ത്രമെന്നും രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 60 മാസം തനിക്ക് സമയം അനുവദിക്കണമെന്നും മോദി ആവശ്യപ്പെട്ടു കശ്മീരിന് പുറമെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും മോദി ഇന്ന് റാലിയില്‍ പങ്കെടുക്കും.റാലിക്ക് മുന്നോടിയായി മോദി ജമ്മു കശ്മീരിലെ വൈഷ്ണവി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  രണ്ടാംഘട്ട പ്രചാരണത്തില്‍ ഏഴ് ആഴ്ച കൊണ്ട് 295 മണ്ഡലങ്ങളില്‍ നരേന്ദ്രമോദി പര്യടനം നടത്തും.