പ്രേമചന്ദ്രന് ആര്‍ എസ് പിയുടെ ഔദ്യോഗിക ചിഹ്നമായ മൺവെട്ടിയും മൺകോരിയും തന്നെ ഉപയോഗിക്കാന്‍ അനുമതി

single-img
26 March 2014

കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് ആർ.എസ്.പിയുടെ ഔദ്യോഗിക ചിഹ്നമായ മൺവെട്ടിയും മൺകോരിയും തന്നെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉപയോഗിക്കാമെന്ന്  വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു . മപ്രേമചന്ദ്രന് ഔദ്യോഗിക ചിഹ്നം അനുവദിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.ആര്‍എസ്പി ബംഗാള്‍ ഘടകത്തിന്റെ ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും ആര്‍എസ്പി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നത്.ദേശീയ തലത്തിൽ ആർ.എസ്.പി ഇടതുപക്ഷത്തിനൊപ്പമാണെന്ന വസ്തുതയും ഇടതുമുന്നണി പരാതിയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ പ്രേമചന്ദ്രൻ ആ ചിഹ്നം ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് ആർ.എസ്.പിയുടെ ബംഗാൾ ഘടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇക്കാര്യം കമ്മിഷൻ കൊല്ലം കളക്ടറെ അറിയിച്ചതിനെത്തുടര്‍ന്നാണ് കളക്ടര്‍ അനുമതി നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത്. തുടര്‍ന്ന് കൊല്ലത്ത് എല്‍ഡിഎഫിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ മത്സരിക്കുമെന്നും ആര്‍.എസ്.പി പ്രഖ്യാപിക്കുകയായിരുന്നു. കൊല്ലത്ത് എം.എ ബേബിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.