എ ടി ജോര്‍ജ്ജ് എം എല്‍ എയും യുഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു: തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെയാണ് ഈ ഗുണ്ടായിസം

single-img
26 March 2014

തിരുവനന്തപുരം: നെയാറ്റിന്‍കരയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ എ.ടി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങര പഞ്ചായത്തിലാണ് സംഭവം.രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ടിയിരുന്ന വേദിക്ക് സമീപമാണ് സംഭവമുണ്ടായത്. യു ഡി എഫ് കണ്‍വെന്‍ഷനിടെ പരിശോധയ്‌ക്കെത്തിയ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെ എ ടി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഉദ്യോഗസ്ഥരെ തടയുന്നത് ക്യാമറയില്‍ പകര്‍ത്താനെത്തിയ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയാണ് എ ടി ജോര്‍ജ്ജ് എം എല്‍ എയും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. പിന്നീട് യോഗം ഉദ്ഘാടനം ചെയ്യാന്‍ ആഭ്യന്തരമന്ത്രി എത്തിയ ശേഷമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്‍വെന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശിക്കാനായത്.

സംഭവത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ ഷിജിന്‍, ചന്ദ്രബാബു എന്നിവര്‍ക്ക് പരുക്കേറ്റു. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും അക്രമികള്‍ക്കെതിരെ നടപടി എടുത്തില്ലെന്നും പരാതിയുണ്ട്.അക്രമത്തില്‍  നെയാറ്റിന്‍കര, പാറശ്ശാല പ്രസ്‌ക്ലബ് ഭാരവാഹികള്‍ പ്രതിഷേധിച്ചു.