വ്യോമാതിര്‍ത്തി ലംഘിച്ച സിറിയന്‍ വിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി

single-img
24 March 2014

അങ്കാറ: താങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് സിറിയയുടെ സൈനികവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ കസബ് മേഖലയില്‍ നിന്നാണ് വിമാനം വെടിവെച്ചിട്ടത്. മുന്നറിയിപ്പ് അവഗണിച്ച സിറിയന്‍ വിമാനം കനത്ത പ്രത്യാഘാതം നേരിട്ടുവെന്ന് തുര്‍ക്കി പ്രധാനമന്ത്രി റെസീപ് തായിപ് എര്‍ദോഗണ്‍ പറഞ്ഞു.വിമാനം വെടിവെച്ചു വീഴ്ത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.

തുര്‍ക്കിയുടെ അതിര്‍ത്തിപിടിക്കുന്നതിന് സിറിയന്‍ പട്ടാളവും വിമതരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന മേഖലയാണിത്. ഇതുവഴിയാണ് ആഭ്യന്തരയുദ്ധത്തില്‍ പൊറുതിമുട്ടിയ സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലേക്ക് കടക്കുന്നത്.തുര്‍ക്കിയും സിറിയയും തമ്മില്‍ 800 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ വാദം സിറിയ തള്ളി. വിമാനം വെടിവച്ചിടുമ്പോള്‍ സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നുവെന്നും തുര്‍ക്കിയുടെ നടപടി ലജ്ജാകരമായ കടന്നുകയറ്റമാണെന്നും സിറിയ കുറ്റപ്പെടുത്തി. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വിമതര്‍ക്കെതിരെ പോരാടുകയായിരുന്ന വിമാനമാണ് വെടിവെച്ചിട്ടതെന്നും വിമതരെ തുര്‍ക്കിസൈന്യം പിന്തുണയ്ക്കുകയാണെന്നും സിറിയ ആരോപിച്ചു.