നരേന്ദ്രമോഡിയുടെ യുഗം തുടങ്ങിയിട്ടുണ്ടാകാം,പക്ഷെ അതൊരിക്കലും അദ്വാനിയുഗത്തിന്റെ അവസാനമാകില്ല :ബിജെപ്പിയ്ക്ക് ശിവസേനയുടെ രൂക്ഷവിമര്‍ശനം

single-img
22 March 2014

മുംബൈ : ബിജെപ്പിയിലെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ പിന്തുണച്ചും മോഡി അനുകൂല ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചും ശിവസേന രംഗത്ത്.അദ്വാനിയെപ്പോലെ ഒരു മുതിര്‍ന്ന നേതാവിന് നല്‍കേണ്ട ലോകസഭാ സീറ്റ് തീരുമാനിക്കാന്‍ ഇത്ര താമസം എന്തിനാണെന്നും ശിവസേന ചോദിച്ചു.അദ്ദേഹത്തിന്റെ സീറ്റ് തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിജെപിയെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ശിവസേന കുറ്റപ്പെടുത്തി.

ബിജെപി ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ത്തന്നെ അദ്വാനിയുടെ പേര് ഉണ്ടാകേണ്ടിയിരുന്നു.പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ അദ്വാനിയെ ഒരു സീറ്റിനു വേണ്ടി കാത്തിരിക്കാനിടയാക്കിയത് ഒട്ടും ശരിയായില്ലെന്നും ശിവസേന പ്രതികരിച്ചു.ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് ബി ജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നരേന്ദ്രമോഡിയുടെ യുഗം തുടങ്ങിയിട്ടുണ്ടാകാം,പക്ഷെ അതൊരിക്കലും അദ്വാനിയുഗത്തിന്റെ അവസാനമാകില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.അദ്വാനിയുടെ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വളരെ നിസാരമാണെന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാകാം.പക്ഷെ ചില നിസാര സംഭവങ്ങളാണ് വലിയ അത്യാഹിതങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് ആരും മറക്കരുതെന്ന് എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കുന്നു.

നവനിര്‍മ്മാന്‍ സേനയുമായി അടുക്കാന്‍ ബിജെപി ശ്രമിച്ചത് നിലവിലെ സഖ്യകക്ഷിയായ ശിവസേനയെ ചൊടിപ്പിച്ചിരുന്നു.നിലവിലെ മുന്നണിബന്ധത്തിലെ വിള്ളലുകള്‍ ഇത്തരം പ്രസ്താവനകളിലൂടെ മറനീക്കി പുറത്തു വരികയാണ്.