അമൃതാനന്ദമയിയെ ന്യായീകരിച്ചുള്ള വി എസ് അച്ചുതാനന്ദന്റെ പ്രസ്താവന സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നു

single-img
22 March 2014

കോഴിക്കോട് : മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതിസന്ധിയിലായ അമൃതാനന്ദമയിയെ ന്യായീകരിച്ച വി എസ് അച്ചുതാനന്ദന്റെ നടപടി വിവാദമാകുന്നു.സോഷ്യല്‍ മീഡിയായില്‍ പലപ്പോഴും വി എസിന്റെ നിലപാടുകള്‍ക്ക് വേണ്ടി സംസാരിച്ചിരുന്നവര്‍ പോലും കക്ഷിരാഷ്ട്രീയഭേദമന്യേ ഈ നിലപാടിനെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്.

മീഡിയവണ്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നില്ളെന്ന് വി.എസ് പറഞ്ഞത്.തീരദേശത്തെ ജനവിഭാഗത്തിന്റെ ആത്മീയ നേതാവാണ് അമൃതാനന്ദമയിയെന്നും അവരെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വി എസ് പറഞ്ഞു.

ഒരു അമേരിക്കക്കാരി ഇങ്ങനെ പറയുന്നത് നമ്മെ അവഹേളിക്കാനുള്ള ശ്രമമാണ് എന്നുള്ളത് പ്രഥമവീക്ഷണത്തില്‍ തന്നെ വ്യക്തമാണെന്ന് കൂടി പറഞ്ഞതോടെ ഈ വിഷയത്തിലെ സംഘപരിവാറിന്റെ നിലപാടിനോട് സമാനമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. വളരെ ആസൂത്രിതമായി അന്യമതസ്ഥരായ ആളുകള്‍ അമൃതാനന്ദമയിയെ പ്പോലെ പാവപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നവരെ ആക്ഷേപിക്കാന്‍ നടത്തുന്ന  ബോധപൂര്‍വമായ ശ്രമമായി ഇതിനെ സംശയിക്കാമെന്നും വി.എസ് പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം.ഇത്രയും നാലും വിഎസിനെ പിന്തുണച്ചത്‌ തെറ്റായിപ്പോയി എന്ന് പോലും പ്രതികരിച്ചവര്‍ ഉണ്ട്.