അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ പെരുമാറ്റുമെന്നു വൈക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം

single-img
22 March 2014

ചെന്നൈ: തെരഞ്ഞെടുപ്പിന്കേ ശേഷം കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഡിഎംകെ ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ അവകാശപ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ പേര് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ’ എന്നാക്കി മാറ്റുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ അവകാശപ്പെടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുകയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ പേര് മാറ്റം തീര്‍ച്ചയായും ഉണ്ടാകുമെന്ന് പാര്‍ട്ടിയുടെ നേതാവ് വൈക്കോ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന ഫെഡറല്‍ ഭരണരീതിയാണ് വാഗ്ദാനം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വവും ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ എന്ന് പേരാകും രാജ്യത്തിന് യോജിച്ചതെന്നാണ് വൈക്കോയുടെ അവകാശവാദം.രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പേരുമാറ്റം അനിവാര്യമാണെന്നും വൈക്കോ അവകാശപ്പെട്ടു. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും എംഡിഎംകെ അവകാശപ്പെട്ടു.

സ്വകാര്യമേഖലയില്‍ സംവരണം, തമിഴ് വംശജര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ തമിഴ് അംബാസിഡര്‍മാര്‍, നദിയുടെ സംയോജനം, കാവേരി നദിജല തര്‍ക്കം പരിഹരിക്കല്‍, വധശിക്ഷ നിരോധിക്കല്‍, ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ആക്രമിക്കുന്ന ശ്രീലങ്കന്‍ നടപടിക്കെതിരെ ശക്തമായ നിയമം, മത്സ്യതൊഴിലാളി സമൂഹത്തെ ആദിവാസി സമൂഹമാക്കി പ്രഖ്യാപിക്കുക തുടങ്ങിയ നടപടികളും പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.എല്‍ടിടിഇയുടെ നിരോധനം പിന്‍വലിക്കുമെന്നും വൈക്കോ വ്യക്തമാക്കിയിട്ടുണ്ട്.