മലപ്പുറത്ത്‌ ഇ അഹമ്മദിനെതിരെ മത്സരത്തിനു ലീഗിന്റെ സ്ഥാപക പ്രസിഡന്‍റിന്റെ മകന്‍

single-img
22 March 2014

മലപ്പുറം :മലപ്പുറത്ത്‌ ലീഗിനു പുതിയ പ്രതിസന്ധി.ഇ അഹമ്മദിനെതിരെ മത്സരിക്കാന്‍ മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്‍റ് ഖാഇദെ മില്ലത്ത് ഇസ്മയില്‍ സാഹിബിന്‍െറ പൗത്രന്‍ ദാവൂദ് മിയാന്‍ഖാന്‍ മലപ്പുറത്ത് പത്രിക സമര്‍പ്പിച്ചു.

ഇന്ന് വൈകീട്ടാണ് ഇദ്ദേഹം തമിഴ്നാട്ടിലെയും കേരളത്തിലെയും അനുയായികള്‍കൊപ്പം പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ലേക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മിയാന്‍ഖാന്‍ മത്സരിക്കുന്നത്. തന്റെ മത്സരം  മുസ്ലിം ലീഗിനെതിരല്ലെന്നും ഇ. അഹമ്മദിനെതിരെയാണെന്നും മിയാന്‍ഖാന്‍ പറഞ്ഞു. തന്റെ പിതാവായ ഖാഇദെ മില്ലത്തിനെ വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങള്‍ സ്വതന്ത്രനായ തന്നെയും വിജയിപ്പിക്കുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ അഹമ്മദ് മത്സരിക്കുന്നതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകര്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് ഈ പുതിയ പ്രതിസന്ധി.പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റിന്റെ മകന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പ്രതിസന്ധിയെ ലീഗ് എങ്ങനെ നേരിടും എന്ന് കണ്ടറിയേണ്ടതുണ്ട്.

1896 ജൂണ്‍ 5നു തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു.ഇദ്ദേഹം തമിഴ്നാട് നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവയിലും അംഗമായിട്ടുണ്ട്.