യുഡിഎഫ് വിട്ട സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം കണ്ണൂര്‍ ഓഫിസ് പിടിച്ചെടുത്തു

single-img
22 March 2014

കണ്ണൂര്‍: സിഎംപിയിലെ പിളര്‍പ്പ് പൂര്‍ണ്ണമായി .അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. യു.ഡി.എഫ് വിട്ട സി.എം.പിയിലെ കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം പാര്‍ട്ടിയുടെ കണ്ണൂര്‍ ഓഫീസ് പിടിച്ചെടുത്തു.

അരവിന്ദാക്ഷന്‍ വിഭാഗവും സി.പി ജോണ്‍ വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഓഫീസിനു പുറത്ത് കയ്യാങ്കളി നടന്നു.സി.എം.പി പൊളിറ്റ് ബ്യൂറോ അംഗം സി.എ അജീറിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു .പാര്‍ട്ടി ഓഫീസിനു മുന്നില്‍ ശ്രീമതി ടീച്ചര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്ണൂര്‍ പാര്‍ലമെന്‍്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് എന്നെഴുതിയ ബാനറര്‍ സി.എം.പി പാര്‍ട്ടി ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ്. സി.പി.എം നേതാക്കളോടൊപ്പമാണ് അരവിന്ദാക്ഷന്‍ വിഭാഗം പാര്‍ട്ടി ഓഫിസില്‍ എത്തിയത്.

25 വര്‍ഷമായി യുഡിഎഫിലുണ്ടായിട്ട് പോലും കടുത്ത അവഗണനയാണ് മുന്നണിയില്‍ നിന്നുണ്ടായതെന്ന് നേതാക്കളായ കെ. ആര്‍ അരവിന്ദാക്ഷനും എം.കെ കണ്ണനും പറഞ്ഞു. മുന്നണി വിട്ടുപോകുന്നതില്‍ വലിയ വേദനയുണ്ട്. എന്നാല്‍ അതല്ലാതെ മറ്റൊരു വഴിയില്ല. പാര്‍ട്ടിയുടെ സമുന്നത നേതാവ് എം.വി രാഘവന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് അവര്‍ അവകാശപ്പെട്ടു. കൂടാതെ ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏഴുപേരുടെയും പിന്തുണയുണ്ട്. സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ 80 പേരും ഒപ്പമുണ്ട്. കൂടാതെ കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഒഴികെ മറ്റെല്ലാ ജില്ലാഭാരവാഹികളും ഒപ്പമുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തതായി അവര്‍ പറഞ്ഞു. തൃശൂരില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലാണ് തീരുമാനമെടുത്തത്.

എന്നാല്‍ യൂദാസിനെ തോല്‍പ്പിക്കുന്ന വഞ്ചനാണ് അരവിന്ദാക്ഷന്‍ വിഭാഗം ചെയ്തതെന്ന് സി.പി ജോണ്‍ പ്രതികരിച്ചു.സിഎംപി കണ്ണൂര്‍ പാര്‍ട്ടി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തതിനു മറുപടിയായി തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് മറുപക്ഷം പിടിച്ചെടുത്തു.