ടി പിയെ ഇറച്ചിവിലയ്ക്ക് വിറ്റത് തിരുവഞ്ചൂരെന്നു വി എസ്

single-img
22 March 2014

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിലപാട് മാറ്റിയതുമായി ബന്ധപ്പെട്ട  ആരോപണങ്ങളെ  പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്‌.   ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്ക് വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍  രാധാകൃഷ്ണനാണെന്ന് വി.എസ് തിരിച്ചടിച്ചു.ടി.പി.കേസ് പുസ്തകമാക്കി വിറ്റ് കാശാക്കിയയാളാണ് തിരുവഞ്ചൂര്‍.

വധഭീഷണി ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും പോലീസ്  സംരക്ഷണം പോലും നല്‍കാതെ ചന്ദ്രശേഖരനെ കശാപ്പ് ചെയ്യാന്‍ വിട്ടുകൊടുത്തവരാണ് ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നത്.  മാധ്യമങ്ങള്‍ക്കെതിരെയും വിഎസ് ആഞ്ഞടിച്ചു. കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും വിഎസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ടിപി വധക്കേസ് കൃഷിയായി മാറിയെന്നും വിഎസ് ആരോപിച്ചു. ഇത്തരം ആളുകളുടെ കഥയില്ലായ്മ ആവര്‍ത്തിച്ച് മാധ്യമങ്ങള്‍ ക്ഷീണിക്കരുത്.കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം എടുത്ത താന്‍ സ്ഥാനമാനങ്ങള്‍ക്ക് പിറകേ പോകുന്നവനല്ലെന്നും വി.എസ് വിശദീകരിച്ചു.

ഇന്ത്യ എങ്ങോട്ട് എന്ന പേരില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച സംവാദപരമ്പരയിലാണ്  വി.എസ് ഈ പ്രസ്താവനകള്‍ നടത്തിയത്.വി എസ്, ചന്ദ്രശേഖരനെ ഇറച്ചിവിലയ്ക്ക് വിറ്റെന്നു ആരോപണം ഉന്നയിച്ച തിരുവഞ്ചുര്‍ രാധാകൃഷ്ണനാണ് അദ്ദേഹം ആദ്യം മറുപടി പറഞ്ഞത്.ടിപി വധക്കേസിലെ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ല. അന്വേഷണം മുറപോലെ നടക്കണം. കേസില്‍ ഫയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ടിപി കേസില്‍ പാര്‍ട്ടി നടത്തിയത് രഹസ്യ അന്വേഷണം ആരാണ് നടത്തിയതെന്ന് പുറത്ത് പറയാന്‍ നിര്‍വാഹമില്ല. കെകെ രമയെ ദുഖിപ്പിച്ചത് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരാണ്. സരിതയെപ്പോലുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല. മറുപടി പറയുന്നത് തനിക്ക് അപമാനമാണെന്നും വിഎസ് പറഞ്ഞു.

സ്വതന്ത്രരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാക്കുന്നത് ഇതാദ്യമല്ല. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മോശമില്ലാത്ത പ്രകടനം കാഴ്ച്ചവെക്കുമെന്നും വിഎസ് കൂട്ടിചേര്‍ത്തു.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണോ വി.എസ് നിലപാടുകളില്‍ വെളളം ചേര്‍ക്കുന്നതെന്ന ചോദ്യം കൃത്യമായി ഉയരുന്നതിന് മുന്‍പ് തന്നെ അദ്ദേഹം അതേപ്പറ്റി വിശദീകരിച്ചു.

പിണറായിയുമായി ഇപ്പോള്‍ നല്ല ഐക്യത്തിലാണല്ലോ എന്ന ചോദിച്ചപ്പോള്‍ പരിഹാസച്ചുവയുളളതായിരുന്നു മറുപടി. ലാവ്‌ലിന്‍ കേസില്‍ കീഴ്‌ക്കോടതി വിധിയെ സ്വാഗതം ചെയ്തപ്പോള്‍ തന്നെ മുകളില്‍ വേറെ കോടതി ഉണ്ടെന്ന് താന്‍ പറഞ്ഞിരുന്നു.എന്നാല്‍ അക്കാര്യം മാധ്യമങ്ങള്‍ മറച്ചുവെച്ചെന്നും വി.എസ്.കുറ്റപ്പെടുത്തി.