മലേഷ്യന്‍ വിമാനത്തിനായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തെരച്ചില്‍ നടത്താന്‍ അനുവദിക്കണം എന്ന ചൈനയുടെ ആവശ്യം ഇന്ത്യ നിരാകരിച്ചു

single-img
21 March 2014

ന്യൂഡല്‍ഹി : കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ അനുവദിക്കണം എന്ന ചൈനയുടെ ആവശ്യം ഇന്ത്യ നിരാകരിച്ചു.രാജ്യത്തെ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് പരിഗണിച്ചാണ് ഇന്ത്യ ഈ ആവശ്യം തള്ളിയത്.

തങ്ങളുടെ 150 പൌരന്മാര്‍ മലേഷ്യന്‍ വിമാനത്തില്‍ ഉള്ളതിനാല്‍ ചൈന വിമാനതിനായി സജീവ തെരച്ചിലിലാണ്.ഇന്നലെ ഇന്ത്യയ്ക്കയച്ച ഒരു ഔദ്യോഗിക കത്തില്‍ തങ്ങളുടെ രണ്ടു യുദ്ധക്കപ്പലുകളും ഒരു രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന കപ്പലും ഉപയോഗിച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തെരച്ചില്‍ നടത്താന്‍ അനുവദിക്കണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഈ മേഖലയില്‍ ഇന്ത്യയുടെ നാവികസേനയും വ്യോമസേനയും ആവശ്യത്തിനുള്ള തെരച്ചില്‍ നടത്തിയെന്നും മറ്റൊരു ഏജന്‍സിയുടെ സഹായം ഇതില്‍ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

ബംഗാള്‍ ഉള്‍ക്കടല്‍ ഉള്‍പ്പടെയുള്ള ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് കപ്പലുകളെ അനുവദിക്കുന്നത് ഇന്ത്യയുടെ നാവിക പ്രതിരോധസംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ചൈനയെ സഹായിക്കും എന്നതാണ് സൈന്യം ഉന്നയിച്ച എതിര്‍പ്പിനു കാരണം എന്നറിയുന്നു.