അനിതാ പ്രതാപ് വന്നിറങ്ങിയത് ഓട്ടോയില്‍; 100 മീറ്റര്‍ മുമ്പുവരെ കാറിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

single-img
21 March 2014

anita_prathap_005കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പണത്തിന് എറണാകുളം കളക്ടറാഫീസില്‍ എത്തിയ ആം ആദ്മി എറണാകുളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അനിതാപ്രതാപ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം കഴിഞ്ഞതിനാല്‍ തിരികെ മടങ്ങേണ്ടി വന്നു. വനിതാ ഡ്രൈവര്‍ സിന്ധു ഓടിച്ചിരുന്ന ഓട്ടോറീക്ഷയിലാണ് അനിതാ പ്രതാപ് പത്രിക സമര്‍പ്പിക്കാനായെത്തിയത്. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ അനിതയ്ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

എറണാകുളത്തെ ഗതാഗത കുരുക്കില്‍ പെട്ടതിനാലാണ് പത്രിക സമര്‍പ്പണത്തിന് സമയത്തിനെത്താന്‍ കഴിയാത്തതെന്നാണ് അനിതാപ്രതാപ് വെളിപ്പെടുത്തിയത്. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറീക്ഷയിലാണ് താനെത്തിയതെന്നും ഓട്ടോറീക്ഷ തന്നെയാണ് താന്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നുമാണ് അനിത പറഞ്ഞത്.

എന്നാല്‍ കാക്കനാട് സിവില്‍ സ്‌റ്റേഷനടുത്തുള്ള ട്രാഫിക് കവലയില്‍ കാറില്‍ വന്നിറങ്ങിയ അനിതാപ്രതാപിനെ കണ്ട ദൃക്‌സാക്ഷികളുണ്ട്. ട്രാഫിക്കിനടുത്ത് കാറില്‍ വന്നിറങ്ങി കൂടെവന്ന ഓട്ടോറീക്ഷയില്‍ കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 100 മീറ്റര്‍ പോലും സ്ഥാനാര്‍ത്ഥി ഓട്ടോയില്‍ സഞ്ചരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

കളക്ടര്‍ക്ക് സമര്‍പ്പിക്കാനുള്ള പത്രിക കാറിലായിരുന്നുവെന്നും അതെടുക്കാനായിട്ടാണ് ട്രാഫിക് കവലയില്‍ ഓട്ടോ നിര്‍ത്തി കൂടെവന്ന കാറിനുള്ളില്‍ കയറിയതെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. എറണാകുളത്തു നിന്നും കളക്‌ട്രേറ്റുവരെ ഓട്ടോയിലാണ് സഞ്ചരിച്ചതെന്നാണ് പാര്‍ട്ടിക്കാരുടെ വാദം.

പത്രികയെടുക്കാന്‍ കവലയില്‍ ഓട്ടോ നിര്‍ത്തി കാറില്‍ കയറേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും കളക്‌ട്രേറ്റില്‍ വച്ച് അതെടുത്താല്‍ പോരായിരുന്നോവെന്നുമാണ് അനിതാപ്രതാപ് കാറില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് പറയുന്നവര്‍ േചാദിക്കുന്നത്.