സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവ അന്തരിച്ചു

single-img
21 March 2014

ഫ്രാങ്ക്ഫര്‍ട്ട്: ആഗോള യാക്കോബായ സഭയുടെ പരമാധികാരിയായിരുന്ന  പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ഇഗ്നാതിയോസ് സഖ പ്രഥമന്‍ പാത്രിയാര്‍ക്കീവ് ബാവ(81)  അന്തരിച്ചു. ഇന്ത്യന്‍ സമയം 3 മണിയ്ക്ക് ജര്‍മ്മനിയില്‍ വെച്ചാണ് അന്ത്യം.ഏറെ നാളുകളായി വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നാല് തവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള ബാവ കേരളത്തിലെ യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണണെന്ന് ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ വരുന്നതിന് തയ്യാറെടുത്തിരുന്നുവെങ്കിലും അസുഖമൂലം സാധിച്ചില്ല.ലോകമെങ്ങുമുള്ള 50 ലക്ഷത്തോളം വരുന്ന വിശ്വാസ സമൂഹത്തിന്‍െറ ആത്മീയ നേതാവായിരുന്നു സഖ പ്രഥമന്‍.

അറബിക്, സിറിയന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചരിത്രം, തത്വശാസ്ത്രം, സഭ നിയമങ്ങള്‍ എന്നിവയില്‍ ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.1933ല്‍ ഏപ്രില്‍ 21ന് ഇറാഖിലുള്ള മുസലില്‍ ബഷീര്‍ ഈവാസ്- ഹസീബ ഏറ്റോ ദമ്പതികളുടെ ഏഴാമത്തെ മകനായ ജനിച്ച സെന്‍ഹരീബാണ് പിന്നീട് ആഗോള സുറിയാനി യാക്കോബയ സഭയുടെ പരമാധ്യക്ഷനായി മാറിയത്.1980 സെപ്തംബര്‍ 14 നാണ് ഇഗ്‌നാത്തിയോസ് പ്രഥമന്‍ സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റത്.

അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷയുടെ സമയം പിന്നീട് തീരുമാനിക്കും.ഇഗ്നോത്തിയോസ് സഖാ പ്രഥമന്റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ അനുശോചിച്ചു.