ജസ്വന്ത് സിംഗിന് ബാല്‍മറില്‍ സീറ്റ് നല്‍കിയില്ല : ബിജെപ്പിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജസ്വന്ത്

single-img
21 March 2014

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജസ്വന്ത് സിങ്ങിന് രാജസ്ഥാനിലെ ബാല്‍മറില്‍ ബി.ജെ.പി സീറ്റു നല്‍കിയില്ല. ബാല്‍മറില്‍ നിന്നും ജസ്വന്ത് സിംഗ് ബിജെപ്പിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു.

കോണ്‍ഗ്രസ് വിട്ടുവന്ന സോണാറാം ചൌധരിയാണ് ബാര്‍മറില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.76 കാരനായ തന്‍റെ അവസാന മത്സരമായിരിക്കും ഈ തെരഞ്ഞെടുപ്പിലേതെന്ന് പ്രഖ്യാപിച്ച ജസ്വന്ത് തന്റെ ജന്മസ്ഥലമായ ബാര്‍മറില്‍ സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി തെരഞ്ഞെടുപ്പ് സമിതി യോഗം അദ്ദേഹത്തിന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നു.

എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യയുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ബി.ജെ.പി ജസ്വന്ത് സിങിന് സീറ്റു നിഷേധിച്ചതെന്നറിയുന്നു.താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജസ്വന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ വിശദമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിക്കുന്ന നിലപാടാണ് ബി ജെ പി നേതൃത്വം സ്വീകരിച്ചത്.

ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ തനിക്ക് സീറ്റ് നിഷേധിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് വിട്ടു വരുന്നവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ജസ്വന്ത് സിംഗ് ഇപ്പോള്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.