സൌദിയിലെ യാചകയ്ക്ക് മരിക്കുമ്പോള്‍ അഞ്ച് കോടിരൂപയുടെ സമ്പാദ്യം

single-img
20 March 2014

റിയാദ് : സൌദിയില്‍ ഈയിടെ മരിച്ച യാചകയ്ക്ക് അഞ്ചു കോടി രൂപയുടെ രഹസ്യ സമ്പാദ്യങ്ങളുണ്ടായിരുന്നെന്നു കണ്ടെത്തി.നാല് നില കെട്ടിടവും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മുപ്പത് ലക്ഷം സൗദി റിയാലിന്റെ (ഏകദേശം അഞ്ച് കോടി രൂപ) സ്വത്തുക്കളാണ് ഈ യാചക കോടീശ്വരി സമ്പാദിച്ചത്.ഇവരുടെ സ്വത്തുവിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അയല്‍വാസികളും സൗദി അധികൃതരും.

ജിദ്ദയിലെ തെരുവില്‍ സ്ഥിരമായി ഭിക്ഷാടനം നടത്തിയിരുന്ന ഐഷ എന്ന സ്ത്രീ മരിക്കുന്നത് വരെ സമ്പാദിച്ചതാണ് ഇത്രയും സ്വത്തുക്കള്‍.ഭിക്ഷാടനം നടത്തി സമ്പാദിച്ച സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഐഷയെ സഹായിച്ച ബാല്യകാല സുഹൃത്ത് അഹമദ് അല്‍ സഈദിയാണ് യാചക കോടീശ്വരിയുടെ സ്വത്തുവിവരം പുറത്തുവിട്ടത്. ഐഷ മരിച്ചതോടെ ഇയാള്‍ അവരുടെ സമ്പാദ്യമെല്ലാം സര്‍ക്കാരിന് കൈമാറുകയായിരുന്നു.

ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളും വിവരം കേട്ട് ഞെട്ടിയിരിക്കുകയാണ്.യാചകയാണെങ്കിലും ഐഷ ഇന്നേവരെ തങ്ങളുടെ പക്കലില്‍ നിന്നും വാടക ഈടാക്കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഭിക്ഷയാചിച്ച് ഉണ്ടാക്കിയെടുത്തതാണ് ഈ സമ്പാദ്യമെല്ലാം.  യാചനയില്‍ നിന്നും താന്‍ ഇവരെ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ഐഷ അത് അവഗണിക്കാറാണ് പതിവെന്നും അല്‍ സഈദി കൂട്ടിച്ചേര്‍ത്തു. പ്രമുഖ സൗദി പത്രമായ സൗദി ഗസറ്റ് റിപ്പോര്‍ട്ടാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.