മട്ടന്നൂര്‍ പെണ്‍വാണിഭക്കേസ് : ഒന്നാം പ്രതി സോജയ്ക്ക് 35 വര്‍ഷം തടവ്‌

single-img
20 March 2014

കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതിയായ സോജ ജയിംസിന്‌ 35 വര്‍ഷം തടവ്‌.ഈ കേസില്‍  കുറ്റക്കാരെന്നു കണ്ടെത്തിയ എട്ടു പ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിച്ചു. അഞ്ച്‌ കേസുകളിലാണ്‌ വിചാരണ പൂര്‍ത്തിയായി ശിക്ഷ പ്രഖ്യാപിച്ചത്‌. അഞ്ച് കേസുകളിലാണ് സോജയ്ക്ക് ശിക്ഷവിധിച്ചത്.

മൂന്നു കേസുകളിലായി രണ്ടാം പ്രതി ദീപുവിന്‌ 23 വര്‍ഷം തടവു ലഭിച്ചു.മറ്റൊരു പ്രതിയായ സക്കറിയയ്‌ക്ക് 8 വര്‍ഷവും  തോമസ്‌, ലില്ലി, ശേഖര്‍ എന്നിവര്‍ക്ക്‌ മൂന്ന്‌ വര്‍ഷവും തടവ്‌  ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ 11 പേരെ വെറുതെവിട്ടു.

പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ , അന്യായമായി തടവില്‍ വെക്കല്‍ , ഭീഷണി, പെണ്‍വാണിഭത്തിനായി വിലയ്ക്കു വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്. പീഡനക്കുറ്റം തെളിയിക്കാനാകാത്തതാണ്‌ ഇവര്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോകാന്‍ കാരണം.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ ബന്ധുക്കളുടെ അറിവോടെ പെണ്‍വാണിഭ സംഘത്തിന്‌ കൈമാറിയെന്നതാണ്‌ കേസ്‌. 2009-ലാണ് കൊച്ചിയില്‍ പലേടത്ത് പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്.എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന്‌ അനാശാസ്യത്തിന്‌ പെണ്‍കുട്ടി പിടിയിലായതോടെയാണ്‌ സംഭവത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്‌.

അനാശാസ്യത്തിന്‌ പിടിയിലായ പെണ്‍കുട്ടിയടെ പ്രായത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമായി തുടങ്ങിയത്‌. പെണ്‍കുട്ടിയ്‌ക്ക് പതിനാറ്‌ വയസ്‌ പ്രായമായതേയുള്ളൂ എന്നും സിനിമയില്‍ അഭിയിപ്പിക്കാമെന്ന്‌ മോഹിപ്പിച്ച്‌ ബന്ധക്കളുടെ സമ്മതത്തോടെയാണ്‌ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന്‌ കൈമാറിയതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്‌തമായിരുന്നു.