വി എസ് രാജ്യത്തെ സമുന്നതനായ നേതാവെന്നു പിണറായി

single-img
20 March 2014

കൊല്ലം: രാജ്യത്തെ തന്നെ സമുന്നതനായ നേതാവാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി പറഞ്ഞു. കൊല്ലം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫുമായി നേരത്തെത്തന്നെ ആര്‍ എസ് പി ധാരണയുണ്ടാക്കിയിരുന്നതായി പിണറായി ആരോപിച്ചു. ഇടതുമുന്നണിയോട് ആര്‍എസ്പി രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണയായി സി പി എം മത്സരിക്കുന്ന കൊല്ലം  സീറ്റ് കിട്ടില്ലെന്ന് അറിയാമായിരുന്നതിനാലാണ് അവര്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പിണറായി പറഞ്ഞു.

മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ പുകഴ്ത്തി പറയാൻ മാത്രം കെ.പി.സി.സി പ്രസിഡന്റ് സുധീരന് എന്താണ് സംഭവിച്ചത് എന്നറിയില്ല. ആർ.എസ്.എസിന്റെ ഗണവേഷത്തിൽ പ്രത്യക്ഷപ്പെട്ട ബി.ജെ.പി നേതാവാണ് വാജ്പേയി. ആർ.എസ്.എസിന്രെ നിലപാടുകളുടെ ഒരിക്കലും വാജ്പേയി തള്ളിപ്പറഞ്ഞിരുന്നില്ല. ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  രാഷ്ട്രപതി ആയിരുന്ന കെ.ആർ.നാരായണൻ കത്തയച്ചു. എന്നാൽ വാജ്പേയി ഒരു നടപടിയും സ്വീകരിച്ചില്ല. നരേന്ദ്ര മോഡിയെ തള്ളിപ്പറയാൻ പോലും വാജ്പേയി തയ്യാറായില്ല. അങ്ങനെ ആർ.എസ്.എസിന്റെ നയങ്ങൾ നടപ്പാക്കിയ പ്രധാനമന്ത്രിയാണ് വാജ്പേയി. വാജ്പേയിയെ മഹത്വവത്കരിക്കാൻ കോൺഗ്രസിന് കഴിയുമായിരിക്കും. ഇക്കാര്യത്തിൽ സുധീരന് വേറെ ഉദ്ദേശങ്ങളുണ്ടാകാമെന്നും പിണറായി വിജയൻ പറഞ്ഞു.