പ്രൊഫ ജോസഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ : ന്യൂമാന്‍ കോളജിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍

single-img
20 March 2014

മൂവാറ്റുപുഴ: തന്റെ ഭര്‍ത്താവിനെ  ജോലിക്ക് തിരിച്ചെടുക്കാത്തത് കൊണ്ടുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലമാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതെന്നു അവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അതുകൊണ്ട് ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോളേജ് മാനേജ്‌മെന്റിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അഭിഭാഷകരും അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് സലോമി ജോസഫിനെ (49) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ ഹോസ്റ്റല്‍പടിയിലെ വീട്ടിലെ കുളിമുറിയിലാണ് സലോമി തൂങ്ങിമരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ.ജോസഫും കുടുംബവും കുറേക്കാലമായി വരുമാനമില്ലാതെ കൊടിയ ദാരിദ്രത്തിലായിരുന്നു. മതനിന്ദാകേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും പ്രൊഫസര്‍ ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ന്യൂമാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല എന്ന് മാത്രമല്ല പ്രൊഫസര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും തടഞ്ഞുവെച്ചു.

2010 ജൂലായ് 4 ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്ന പ്രൊഫസര്‍ ജോസഫിനെ മതതീവ്രവാദികള്‍ ആക്രമിച്ചത്. ഭാര്യ സലോമിയുടെ കണ്‍മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്ന ഒരു സംഭാഷണശകലം മുസ്ലിം മതവിശ്വാസികളുടെ പ്രവാചകനെ നിന്ദിക്കുന്നതാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.