മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം : ഔദ്യോഗിക വെബ്സൈറ്റിലൂടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നു

single-img
19 March 2014

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി ആരോപണം.മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വെബ്സൈറ്റും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമായി മാറുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ യു ഡി എഫ് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചതടക്കമുള്ള വാചകങ്ങള്‍ ഫ്ലാഷ് വീഡിയോ ആയി സൈറ്റില്‍ ഇട്ടായിരുന്നു പ്രചാരണം.ഇത്തരം പ്രസ്താവനകളും കോണ്ഗ്രസ്സിന്റെ പാര്‍ട്ടി പത്രമായ വീക്ഷണം പോലെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും കൊണ്ട് സൈറ്റ് നിറച്ച നടപടിയെക്കുറിച്ച് ഇന്നലെത്തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.അതിനെത്തുടര്‍ന്ന് ഈ പ്രസ്താവനകള്‍ ഇന്നലെത്തന്നെ സൈറ്റില്‍ നിന്നും എടുത്തുമാറ്റുകയും മുഖ്യമന്ത്രിയുടെ സ്വന്തം പേരില്‍ ഒരു സ്വകാര്യ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തിരുന്നു. http://oommenchandy.net എന്നാണ് സൈറ്റിന്റെ പേര്. സ്വകാര്യ വെബ് സൈറ്റാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നേട്ടങ്ങളും പദ്ധതികളുമാണ് സൈറ്റില്‍ പ്രധാനമായും ഉള്‍പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralacm.gov.in നോക്കിയാല്‍ 1000 days of udf government എന്ന ലിങ്ക് കാണാം.ഈ ലിങ്ക് നമ്മളെ നയിക്കുന്നത് യു ഡി എഫ് ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ എന്ന വര്‍ണാഭമായ പോസ്റ്റര്‍ ഉള്ള ഒരു പെജിലെയ്ക്കും അവിടെ നിന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പേജിലേയ്ക്കുമാണ്.സര്‍ക്കാരിന്റെ ഔദ്യോഗികപേജിന്റെ പ്രത്യേക പോര്‍ട്ടലായ http://www.achievements.kerala.gov.in/ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ മാത്രമായി പുതിയതായി ഉള്ള ലിങ്ക് ആണ്.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലെ നാലാമത്തെ നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ്.തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയാല്‍പ്പിന്നെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനോ സര്‍ക്കാര്‍ ചിലവില്‍ മറ്റു മാധ്യമങ്ങളില്‍ പരസ്യം നല്‍കാനോ പാടില്ല എന്ന് ഈ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍പ്പോലും പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ലിങ്ക് മരവിപ്പിച്ച നിലയിലാണ്.എന്നിട്ടും കേരളാ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഈ നിലപാടിനെതിരെ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല.