ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തിരികെ സി പി എമ്മിലേയ്ക്ക് വരാനൊരുങ്ങുന്നു

single-img
19 March 2014

കണ്ണൂര്‍: സിപിഎമ്മിലേക്ക് തിരികെവിളിച്ചാല്‍ പരിഗണിക്കുമെന്ന്  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.പരസ്യ പ്രസ്താവനകള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ആളാണ്‌ ബെര്‍ലിന്‍.ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും തന്റെ വോട്ട് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്കാണെന്നും ബര്‍ലിന്‍ പറഞ്ഞു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രസ്താവനയെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലക‍ഷ്ണന്‍ സ്വാഗതം ചെയ്തു.ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിക്ക് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം യുഡിഫിനായാണ് പ്രചാരണം നടത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചറിവുണ്ടായിതില്‍ സന്തോഷമുണ്ടെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി വിട്ടവര്‍ തിരികെ വന്നാല്‍ തിരിച്ചെടുക്കുകയെന്നതാണ് നയമെന്നും വ്യക്തമാക്കി.

ആര്‍എംപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ രംഗത്തെത്തിയത്.ആര്‍എംപി കോണ്‍ഗ്രസിന്റെ ബി ടീമായി മാറി കഴിഞ്ഞെന്ന് വിമര്‍ശിച്ച ബര്‍ലിന്‍ ചന്ദ്രശേഖരന്‍ വധം എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍എംപിക്ക് ഉള്ളതെന്നും ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതും യുഡിഎഫിന് വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ടുപോലും ഇത്തവണ ലഭിക്കില്ലെന്നും ബര്‍ലിന്‍  പറഞ്ഞു.ആര്‍എംപിയെ തുറന്നെതിര്‍ത്ത ബര്‍ലിന്‍ ഇത്തവണ സിപിഐഎമ്മിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതായുള്ള സൂചന ലഭിച്ചത്.

ഞാന്‍ രാജിവെയ്ക്കുകയോ പുറത്തുപോകുകയോ ചെയ്തിട്ടില്ല. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരില്‍ പുറത്താക്കപ്പെട്ടയാളാണ്. ഇടതുപക്ഷത്തിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. കണ്ണൂരില്‍ ശ്രീമതി ടീച്ചറെ വിജയിപ്പിക്കാനും മറ്റുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വ്യക്തമാക്കി.