ആം ആദ്മി പാര്‍ട്ടിയുടെ ലോക്സഭാ ടിക്കറ്റില്‍ മത്സരിക്കുന്നതില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍ പിന്‍വാങ്ങി: ആം ആദ്മി പാര്‍ട്ടിയുടെ കേരളാഘടകം തമ്മിലടിക്കുന്ന ആള്‍ക്കൂട്ടമെന്നു അശ്വതി

single-img
18 March 2014

തിരുവനന്തപുരം :   ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും  പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി നായര്‍ പിന്മാറി.ആം ആദ്മി പാര്‍ട്ടിയുടെ കേരളാഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ മനം മടുത്താണ് താന്‍ പിന്മാറുന്നതെന്നു അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം സ്വീകരിക്കുന്നതില്‍ അല്‍പ്പം ആശയക്കുഴപ്പം ഉണ്ടായെങ്കിലും അവസാനം ആലപ്പുഴയില്‍ മത്സരിക്കാന്‍ അശ്വതി തയ്യാറായിരുന്നു.ആലപുഴ വ്യക്തിപരമായി തന്നെ സപ്പോർട്ട് ചെയുന്ന ഒരുപാട് കോളേജ് സുഹൃത്തുക്കൾ ഉള്ളത് കൊണ്ടാണ് താന്‍ അവിടെ മത്സരിക്കാന്‍ തയ്യാറായത് എന്ന് അശ്വതി പറയുന്നു.

എന്നാല്‍ അടുത്ത ദിവസം മുതൽ ആം ആദ്മി സംസ്ഥാനഘ ടകത്തിലെ അംഗങ്ങളായ മനോജ്‌ പത്മനാഭൻ,സുരേഷ് ,കെ പി രതീഷ്‌ എന്നിവര്‍ തന്നോട് ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് മാറണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയെന്നു അശ്വതി പറയുന്നു. ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി വിമതരാണ് എന്നതാണ് കാരണമായി പറഞ്ഞത്.എന്നാല്‍ ആലപ്പുഴയല്ലാതെ മറ്റെങ്ങും മത്സരിക്കാന്‍ താനില്ല എന്ന് അശ്വതി തീര്‍ത്തു പറഞ്ഞു.എന്നാല്‍ ആം ആദ്മിയുടെ സൈറ്റില്‍ കൊല്ലം മണ്ഡലത്തില്‍ തന്റെ പേര് ഷോര്‍ട്ട് ലിസ്റ്റില്‍ ഇട്ടിരിക്കുന്നത് കണ്ടു ചോദ്യം ചെയ്തപ്പോള്‍ കാത്തിരിക്കാനായിരുന്നു മറുപടി.

പിന്നീട് നടന്ന നാടകീയ സംഭവങ്ങള്‍ തന്നെ അതിശയിപ്പിച്ചു എന്ന് അശ്വതി ഇ വാര്‍ത്തയോട് പറഞ്ഞു.നൈജീരിയയില്‍ നിന്നും ജാക്സണ്‍ പീറ്റര്‍ എന്ന ആം ആദ്മി വളണ്ടിയര്‍ തന്നെ വിളിച്ച ശേഷം ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറാന്‍ എത്ര തുക വേണമെങ്കിലും തരാന്‍ തയ്യാറാണ് എന്ന് പറയുകയും ചെയ്തെന്നു അശ്വതി പറയുന്നു.സംസ്ഥാന അംഗങ്ങള്‍ പറഞ്ഞിട്ടാണ് താന്‍ വിളിക്കുന്നതെന്ന് ഇയാള്‍ അവകാശപ്പെട്ടതായും അശ്വതി പറയുന്നു.ആലപ്പുഴയില്‍ ജനസഭ കൂടിയപ്പോള്‍ തന്റെ പേര് എല്ലാവരും വിളിച്ചു പറഞ്ഞിട്ടും തന്നെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ച ആം ആദ്മി ‘ഹൈക്കമാണ്ടിന്റെ’ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പിന്മാറുന്നതെന്നും അശ്വതി പറയുന്നു.

തനിക്ക് ലക്ഷങ്ങൾ വാഗ്ദാനം നല്കി ആലപുഴയിൽ നിന്നും മാറണം എന്ന് പറയുന്നതിന്റെ പിന്നിലെ ലക്‌ഷ്യം ദുരൂഹമാണെന്ന് അശ്വതി ആരോപിക്കുന്നു.ഇതൊക്കെ പുറത്തു പറയാതെ പിന്മാറിയാൽ അത് താന്‍ സമൂഹത്തോട് ഞാൻ ചെയുന്ന എറ്റവും വല്യ അപരാധമാണ്.തന്നെപ്പോലെയുള്ള നിരവധി യുവാക്കള്‍ ഈ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്.എന്നാല്‍ ഒരു കോളജ് യൂണിയന്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ പോകുന്നവര്‍ക്ക് ഉള്ളത്ര ധാരണ പോലുമില്ലാത്ത തമ്മിലടിക്കുന്ന ആള്‍ക്കൂട്ടമാണ് പാര്‍ട്ടിയുടെ കേരളാഘടകത്തിലുള്ളതെന്നു അശ്വതി ആരോപിക്കുന്നു.അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും തനിക്കു ബഹുമാനമുണ്ട്. എന്നാല്‍ കേരളത്തിൽ വളരെ അപകടകരമായ അവസ്ഥയിലാണ് പാര്‍ട്ടിയെ ചിലർ കൊണ്ട് പോകുന്നതെന്നും അശ്വതി പറയുന്നു.