കടല്‍ക്കൊലക്കേസ് : ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്‍കി

single-img
18 March 2014

യു.എന്‍: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കുന്നതിന് ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്‍കി.മസിമിലാനോ ലത്തോറെ,​ സാൽവഡോർ ഗിഡോൺ എന്നീ നാവികരെ നാട്ടിൽ വിചാരണ ചെയ്യണമെന്നതാണ് ഇറ്റലിയുടെ ആവശ്യമെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി ഏഞ്ജലിനോ അൽഫാനോ പറഞ്ഞു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യമറിയിച്ചത്.

രണ്ടു നാവികരും ഇപ്പോൾ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിൽ കഴിയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇറ്റലി അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാഷ്ട്രങ്ങൾ,​ യൂറോപ്യൻ യൂണിയൻ,​ റഷ്യ എന്നിവയ‌്ക്കു പിന്നാലെ പോയതിനുശേഷമാണ്  ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നടക്കുന്ന വിചാരണ നീണ്ടു പോകുന്നു. നാവികരുടെ മോചനത്തിന് വേണ്ടി യു.എന്‍ വിഷയത്തില്‍ ഇടപെടണം. നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്നും പരാതിയില്‍ ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്.സമുദ്രത്തിലെ അന്താരാഷ്ട്ര മേഖലയിലാണ് സംഭവം നടന്നതെന്നും അതുകൊണ്ട് സ്വന്തം നാട്ടിലാണ് ഇവരെ വിചാരണ ചെയ്യേണ്ടതെന്നുമാണ് ഇറ്റലിയുടെ വാദം. എന്നാൽ ഇന്ത്യൻ സമുദ്രാതർത്തിക്കുള്ളിലാണ് സംഭവം നടന്നതെന്നും മരിച്ചത് ഇന്ത്യക്കാരാണെന്നുമുള്ള വാദത്തിലാണ് ഇവരെ ഇന്ത്യൻ നിയമമനുസരിച്ച് വിചാരണ ചെയ്യുന്നത്.