സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ പൊതുവിസര്‍ജ്യ കേന്ദ്രം, ഡി.എസ്.പി പ്രൊമോഷന് 2.75 കോടി രൂപ കൈക്കൂലി; ഇതാണ് മോദിയുടെ വികസിത ഗുജറാത്തെന്ന് കെജരിവാള്‍

single-img
8 March 2014

Modiiഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി കൊട്ടിഘോഷിക്കപ്പെട്ട് ആനയിച്ച നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വികസനം കുറച്ച് വ്യവസായികള്‍ക്ക് മാത്രമാണെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഗൂഢാലോചനയാണ് ഗുജറാത്തില്‍ നടക്കുന്നതെന്നും കെജരിവാള്‍ പറയുന്നു. ഗുജറാത്ത് സന്ദര്‍ശനം അവസാനിപ്പിച്ച് കെജരാവ്ള്‍ ഡല്‍ഹിക്കു മടങ്ങുന്നതിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചു വ്യവസായികള്‍ക്കു മാത്രം ലഭിക്കുന്ന ഒന്നാണ് ഗുജറാത്തിലെ വികസനം. സംസ്ഥാനം മുഴുവന്‍ വികസനത്തിന് എതിരാണ്. മോദി പറയുന്ന വികസനം അംബാനിക്കും അദാനിക്കും മാത്രമേയുള്ളുവെന്നും കെജരിവാള്‍ പറഞ്ഞു.

ഗുജറാത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടി യാത്രചെയ്ത തനിക്ക് കാണാന്‍ കഴിഞ്ഞത് ഞട്ടിക്കുന്ന ദൃശ്യങ്ങളാണെന്നും കെജരിവാള്‍ പറയുന്നു. ബി.പി.എല്‍ കാര്‍ഡിനു പോലും കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഗുജറാത്തില്‍ കാണാന്‍ കഴിയുക. അഴിമതിയില്ലെന്നും മികച്ചഭരണമാണ് നടക്കുന്നതെന്നും മോഡി പറഞ്ഞ് നടക്കുന്ന ഗുജറാത്തില്‍ കൈക്കൂലി കൊടുക്കാതെ ഒരു കാര്യം പോലും നടക്കില്ലെന്ന അവസ്ഥയിലാണ് സ്ഥിതിയെന്നും കെജരിവാള്‍ പറഞ്ഞു.

വികസനം കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുന്ന ഗുജറാത്തിലെ നരേന്ദ്ര മോഡി പ്രതിനിധികരിക്കുന്ന മണ്ഡലത്തിലെ പ്രൈമറി സ്‌കൂള്‍ പൊതു വിസര്‍ജ്യ കേന്ദ്രമാണെന്നും കെജരിവാള്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടയായി മാറിയിരിക്കുന്നു. പരസ്യങ്ങളിലൂടെ കാണുന്ന മുഖമല്ല ഗുജറാത്തിന്റേതെന്നും കെജരിവാള്‍ പറഞ്ഞു.

സദ്ഭരണം കാഴ്ചവയ്ക്കുന്നുവെന്ന് പറയുന്ന ഗുജറാത്തില്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനുമൊക്കെ നിശ്ചിതനിരക്കാണ് കൈക്കൂലി നല്‍കേണ്ടത്. സ്‌റ്റേറ്റ് രജിസ്ട്രാറിന്റെ ജോലിക്ക് 33 ലക്ഷം, ഡിഎസ്പിക്ക് 2.75 കോടി എന്നിങ്ങനെയാണ് നിരക്കുകളെന്നും കെജരിവാള്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ മോഡിയുടെ വികസന നേട്ടങ്ങള്‍ അന്വേഷിച്ചറിയാനെത്തിയ കെജരിവാളിനെ പോലീസ് തടഞ്ഞിരുന്നു. ആപ്പ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഓരോ സാധാരണ വ്യക്തിക്കും സുരക്ഷിതത്വവും നിയമ സംവിധാനത്തിലെ പോരായ്മകളുടെ പരിഹാരവും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.