മറിയപ്പള്ളി ഇരട്ടക്കൊലപാതകം; പാറക്കുളത്തില്‍ നിന്ന് തലയോട്ടിയും എല്ലുകളും കണ്‌ടെത്തി

single-img
7 March 2014

murderമറിയപ്പള്ളി ഇരട്ടക്കൊലപാതകക്കേസ് അന്വേഷണത്തില്‍ മറിയപ്പള്ളി പാറമടയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്‌ടെത്തി. തലയോട്ടിയുടെ ഭാഗങ്ങളും എല്ലിന്‍ കഷണങ്ങളുമാണ് കണ്‌ടെത്തിയത്. പ്രതി ഹരികുമാര്‍ കൊലപ്പെടുത്തിയ മഹാദേവന്റേതാണോ കൂട്ടുപ്രതി കോനാരി സാലിയുടേതാണോ ശരീരാവശിഷ്ടങ്ങളെന്ന് കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുഎന്നാണറിയാന്‍ കഴിയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.

പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മഹാദേവനെ കൊന്ന് തള്ളിയതെന്ന് പ്രതി ഹരികുമാര്‍ ചൂണ്ടിക്കാട്ടിയ മറിയപ്പള്ളിയിലെ പാറമടയിലാണ് പോലീസ് ശരീരാവശിഷ്ടങ്ങള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തിവന്നത്. എന്നാല്‍ കൂട്ടുപ്രതി കോനാരി സലിയെയും ഹരികുമാര്‍ ഈ പാറമടയിലാണ് കൊന്ന് തള്ളിയത്. അതിനാല്‍ ഇപ്പോള്‍ കണ്‌ടെടുത്തിരിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് അറിയുവാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും.

ഇരുപതോളം തൊഴിലാളികളും ക്രെയിനടക്കമുള്ള സജ്ജീകരണങ്ങളുപയോഗിച്ച് മറിയപ്പള്ളിയിലെ 60 അടിതാഴ്ചയുള്ള പാറമടയിലെ വെള്ളം പൂര്‍ണമായും വറ്റിച്ച് ചെളി നീക്കി ആറുദിവസത്തെ ശ്രമകരമായ തെരച്ചിലിനുശേഷമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്‌ടെത്താനായത്.