സാമൂഹ്യപ്രവര്‍ത്തക അശ്വതി നായര്‍ക്കു ലോകസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ക്ഷണം

single-img
6 March 2014

aswaസാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകയായ അശ്വതി നായര്‍ക്കു ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം.കൊല്ലം മണ്ഡലത്തിലോ ആലപ്പുഴ മണ്ഡലത്തിലോ മത്സരിക്കാനാണ് അശ്വതിയെ ആം ആദ്മി പാര്‍ട്ടി ക്ഷണിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ തീരുമാനം എടുത്തിട്ടില്ല എന്നാണു അശ്വതി ഇ വാര്‍ത്തയോട് പ്രതികരിച്ചത്.

തിരുവനന്തപുരം ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥിനിയായ അശ്വതി നായര്‍ തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിലൂടെയാണ് സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.പഠനം കഴിഞ്ഞുള്ള സമയം ജോലി ചെയ്തു പൈസ ഉണ്ടാക്കി അത് തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടി നീക്കി വെച്ചാണ് ഈ വിദ്യാര്‍ഥിനി വ്യത്യസ്തയാകുന്നത്.തെരുവ് ജീവിതങ്ങളെ സംരക്ഷിക്കാന്‍ “ജ്വാല” എന്ന പേരില്‍ ഒരു സംഘടനയും ഈ വിദ്യാര്‍ഥിനി രൂപീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയപ്രവേശവും ഒക്കെ തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമോയെന്നാണ് അശ്വതിയുടെ ആശങ്ക.അതുകൊണ്ട് തന്നെ നന്നായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് അശ്വതി പ്രതികരിച്ചു.കോവളത്തിനടുത്തുള്ള മുട്ടത്തറ സ്വദേശിനിയാണ് അശ്വതി.