തമിഴ്‌നാട് സര്‍ക്കാരിന്റെ വ്യവസായ വികസന പദ്ധതിയില്‍ എച്ച്എല്‍എല്‍ പങ്കാളി

single-img
3 March 2014
hllതമിഴ്‌നാട്ടിലെ സമ്പൂര്‍ണ വ്യവസായ വികസന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 16 സ്ഥാപനങ്ങളില്‍ എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡും. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ കീഴിലുള്ള സ്ഥാപനമാണ് എച്ച്എല്‍എല്‍ ബയോടെക് ലിമിറ്റഡ്.
       കാഞ്ചീപുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍ 100 ഏക്കര്‍ സ്ഥലത്ത് 594 കോടി രൂപ മുതല്‍ മുടക്കുള്ള  ഒരു വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം (ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ്) പൊതുമേഖലയില്‍ നിര്‍മ്മിക്കുകയാണ് എച്ച്ബിഎല്‍. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇവിടെ 500ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്ന ധാരണാപത്രം മുഖ്യമന്ത്രി ഡോ. ജെ. ജയലളിതയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ഒപ്പിട്ടു.
     എച്ച്ബിഎല്ലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഉല്‍പാദനം ആരംഭിക്കാനാകുമെന്നും എച്ച്എല്‍എല്‍ സിഎംഡി ഡോ. എം.അയ്യപ്പന്‍ ധാരണാപത്രം ഒപ്പുവച്ചശേഷം അറിയിച്ചു.
       പ്രതിവര്‍ഷം 585 ദശലക്ഷം ഡോസ് ഉല്‍പാദന ശേഷിയുള്ള എച്ച്ബിഎല്ലില്‍ ഡിപിടി, ഹെപ്പറ്റൈറ്റിസ് ബി, എച്ച്‌ഐബി എന്നിവയടങ്ങുന്ന പെന്റാവാലന്റ് സംയുക്തവും ബിസിജി, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, പേവിഷം, എച്ച്‌ഐബി, ജാപ്പനീസ് എന്‍സിഫലൈറ്റിസ് എന്നിവയുടെ വാക്‌സിനുകളും ഉല്‍പാദിപ്പിക്കും. ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) പ്രകാരം ആവശ്യമുള്ള വാക്‌സിനുകളുടെ ഉല്‍പാദനവും വിതരണവും കൂടാതെ ഭാവിയില്‍ ആവശ്യമായേക്കാവുന്ന പ്രതിരോധ വാക്‌സിനുകള്‍ക്കായി അത്യാധുനിക ഗവേഷണ വികസന അടിത്തറ വികസിപ്പിച്ചെടുക്കാനും എച്ച്ബിഎല്‍ ശ്രമിക്കുന്നുണ്ട്.
         സമീപകാലത്ത് എച്ച്എല്‍എല്ലില്‍ വരുത്തിയ ഏറ്റവും ബൃഹത്തും നൂതനവുമായ വികസനപ്രവര്‍ത്തനം പ്രതിരോധ മരുന്നിന്റെ ഉല്‍പാദനമാണെന്ന് ഡോ. അയ്യപ്പന്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ക്കെല്ലാം കുറഞ്ഞനിരക്കില്‍ ഉയര്‍ന്ന ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പ്രതിരോധ മരുന്ന് ലഭ്യമാക്കുകയെന്ന ഭാരതസര്‍ക്കാരിന്റെ കാഴ്ചപ്പാട് നടപ്പാക്കുകയാണ് എച്ച്ബിഎല്ലിന്റെ ലക്ഷ്യം. അടിസ്ഥാന സൗകര്യ പിന്തുണയ്‌ക്കൊപ്പം തമിഴ്‌നാട് സര്‍ക്കാര്‍ ധാരണാപത്രത്തിലൂടെ വിവിധ ആനുകൂല്യങ്ങളും ഇളവുകളും ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
     ഭാവിയില്‍ വിവിധ പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും തടയുന്നതിന് ഉപയുക്തമായ വിധത്തില്‍ പ്രതിരോധമരുന്നുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, പൊതുമേഖലയിലെ ആദ്യത്തേതും ഏറ്റവും നവീനവുമായ ഈ സ്ഥാപനത്തിനുണ്ട്. തമിഴ്‌നാട്ടിലെ കൂനൂരില്‍ പാസ്ച്വര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും ചെന്നൈ ഗിണ്ടിയില്‍ ബിസിജി പ്രതിരോധ മരുന്ന് ലബോറട്ടറിയും സജ്ജീകരിക്കുന്നതിന് ഭാരതസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതും എച്ച്എല്‍എല്ലിനെയാണ്.
     ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് വിഷന്‍ 2023, തമിഴ്‌നാട് വ്യവസായ നയം 2014, തമിഴ്‌നാട് ഓട്ടോ കമ്പോണന്റ് നയം 2014, തമിഴ്‌നാട് ബയോടെക്‌നോളജി നയം എന്നിവയും പ്രഖ്യാപിച്ചു.